പോക്സോ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജോസ് മാവേലിക്ക് ജനസേവയുടെ സ്വീകരണം
text_fieldsആലുവ: പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാരോപിച്ച് ചുമത്തിയ പോക്‌സോ കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജോസ് മാവേലിക്ക് ആലുവ ജനസേവ സ്വീകരണം നൽകി. ജനസേവ മുഖ്യ രക്ഷാധികാരി ഡോ. ടോണി ഫെര്‍ണാണ്ടസും ജനസേവ ചെയര്‍പേഴ്‌സണും പ്രശസ്ത സിനിമാതാരവുമായ കവിയൂര്‍ പൊന്നമ്മയും ചേര്‍ന്ന് ജനസേവയുടെ ആശംസാ ഫലകം കൈമാറിയാണ് ആദ്ദേഹത്തെ ആദരിച്ചത്.
നീതിമാനായ ജോസ് മാവേലിക്ക് കോടതി നൽകിയ ഓണസമ്മാനമാണ് ഈ കോടതി വിധിയെന്ന് ഡോ. ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു. ജനസേവയുടെ ആരംഭം മുതൽ ജോസിന്റെ കൂടെയുള്ളയാളാണ് താനെന്നും അത് എന്റെ അവസാനം വരെ തുടരുമെന്നും ജോസിനെ അറിയാത്ത അസൂയാലുക്കൾ പടച്ചുവിടുന്ന കള്ളക്കഥകൾക്ക് ആയുസില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
അദ്ദേഹം നടത്തിയ സകല മനുഷ്യസ്‌നേഹപ്രവര്‍ത്തികള്‍ക്കും സമൂഹം നാളിതുവരെ നല്കിയ ബഹുമതികളേക്കാളും വിലമതിക്കുന്നതാണ് ഈ വിധിയെന്ന് ജനസേവ പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. സകല ആരോപണങ്ങളും നിയമപോരാട്ടത്തിലൂടെ അഗ്നിശുദ്ധി വരുത്തിയ ജോസ് മാവേലിക്ക് കൂടുതല്‍ ആവേശത്തോടെയും ഊര്‍ജ്ജസ്വലതയോടുംകൂടി തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കട്ടെയെന്ന് ജനസേവ മുന്‍പ്രസിഡന്റും ആലുവ ഐ.എം.എ പ്രസിഡന്റുമായ ഡോ. എം.പി. തോമസ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്.കെ. നായര്‍, കണ്‍വീനര്‍ ജോബി തോമസ് എന്നിവര്‍ നേതൃത്വം നൽകി.
ജനസേവ ശിശുഭവനിലെ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി തങ്ങളെ പീഡിപ്പിച്ചുവെന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ആരോപിച്ചിരുന്നു. ഈ വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നായിരുന്നു ജോസ് മാവേലിക്കും അധ്യാപകനായ റോബിനും എതിരായ കേസ്. എന്നാൽ, സംഭവത്തിൽ ഇരുവരും നിരപരാധികളാണെന്ന് ആലുവ പോക്സോ കോടതി കണ്ടെത്തി.
2018ൽ ഈ കേസിൽ ജോസ് മാവേലിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ജനസേവ ശിശുഭവന്‍റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ജോസ് മാവേലിക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളാണ് കോടതി റദ്ദാക്കിയത്. പോക്സോ നിയമവും ചൈൽഡ് ട്രാഫിക്കിങ്ങും ജോസ് മാവലിക്കെതിരെ ചുമത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ കുറ്റങ്ങൾ ആരോപിച്ച് ക്രൈബ്രാഞ്ച് എടുത്ത രണ്ട് കേസുകളിലും ക്രൈംബ്രാഞ്ചിന് തെളിവുകൾ ഒന്നും ഹാജരാക്കാനായില്ല. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്ന ആരോപണവും അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.