ദേശീയ നേതൃത്വത്തിന്റെ കൂടുമാറ്റം; എൽ.ജെ.ഡി വഴിയിൽ ജനതാദൾ-എസും
text_fieldsകോഴിക്കോട്: ദേശീയ നേതൃത്വം എൻ.ഡി.എയുടെ ഭാഗമായതോടെ കേരളത്തിലെ ജനതാദൾ-എസും എൽ.ജെ.ഡിയെപ്പോലെ ആദ്യം സംസ്ഥാന പാർട്ടിയായി പിന്നീട് ദേശീയതലത്തിലെ സോഷ്യലിസ്റ്റ് പാർട്ടികളിലൊന്നിൽ ലയിക്കാനുള്ള ശ്രമത്തിൽ.
സമാജ്വാദി പാർട്ടിയടക്കമുള്ളവയാണ് പരിഗണനയിലുള്ളതെങ്കിലും ആദ്യഘട്ടത്തിൽ സംസ്ഥാന പാർട്ടിയായി നിലകൊണ്ട് എൽ.ഡി.എഫിൽ തുടരാനാണ് നേതാക്കൾക്കിടയിലെ അനൗപചാരിക ധാരണ. കേരളത്തിലും എൻ.ഡി.എയുടെ ഭാഗമാകണമെന്ന് ഒറ്റപ്പെട്ടവർ അഭിപ്രായപ്പെട്ടതിനാൽ പെട്ടെന്നുള്ള നടപടികൾ പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കയുമുണ്ട്. അതിനാൽ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾ.
ഇതിന്റെ ഭാഗമായാണ് സംസ്ഥാന കൗൺസിൽ യോഗം സെപ്റ്റംബർ 30ൽനിന്ന് ഒക്ടോബർ ഏഴിലേക്ക് മാറ്റിയത്. പാർട്ടി കേരള ഘടകം എൽ.ഡി.എഫിൽ തുടരുമെന്നും മറ്റുകാര്യങ്ങൾ സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് സംസ്ഥാന പാർട്ടിയായി തുടരുന്നതിന് നിയമതടസ്സങ്ങളോ മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ് എം.എൽ.എ എന്നിവരടക്കമുള്ളവർക്ക് അയോഗ്യത പ്രശ്നമോ ഉണ്ടാവില്ലെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശമെന്ന് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജനതാദൾ-എസിനെ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം പ്രാദേശിക പാർട്ടിയായി വെവ്വേറെയാണ് തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തത്. അതിനാൽതന്നെ സംസ്ഥാന ഘടകങ്ങൾക്ക് സ്വതന്ത്രനിലപാട് സ്വീകരിക്കാം. പാർട്ടിക്ക് സംഘടനാപരമായി മാത്രമാണ് ദേശീയ സമിതിയും പ്രസിഡന്റും നിലവിലുള്ളത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ‘കറ്റയേന്തിയ കർഷകസ്ത്രീ’ ചിഹ്നമായി അനുവദിച്ചത് സ്വതന്ത്ര ചിഹ്നത്തിൽ ഉൾപ്പെടുത്തിയും മറ്റു സംസ്ഥാനങ്ങളിൽ നേരത്തേ അനുവദിച്ച ചിഹ്നം ഒന്നാമതായി പരിഗണിക്കണമെന്നുള്ള നേതൃത്വത്തിന്റെ അപേക്ഷയിലുമാണ്.
കേരളത്തിലെ പാർട്ടിക്ക് ചിഹ്നം അനുവദിച്ചതിൽ സാങ്കേതികത്വമുണ്ടെങ്കിൽ എച്ച്.ഡി. ദേവഗൗഡ നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനാണ് പരാതി നൽകേണ്ടത് എന്നതും സംസ്ഥാന ഘടകത്തിന് അനുകൂലമാണെന്നാണ് പാർട്ടിക്ക് ലഭിച്ച നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയത്. നിലവിൽ സംസ്ഥാന പാർട്ടിയായി തുടർന്ന് ചർച്ചകൾ നടത്തി പിന്നീട് മറ്റൊരു സോഷ്യലിസ്റ്റ് പാർട്ടിയിൽ ലയിക്കുകയാണ് ലക്ഷ്യമിടുന്നത്. നിതീഷ് കുമാറിന്റെ ബി.ജെ.പി അനുകൂല നിലപാടിനെ തുടർന്ന് എൽ.ജെ.ഡി സംസ്ഥാന ഘടകവും സ്വീകരിച്ചത് സമാന വഴിയായിരുന്നു.
എൽ.ജെ.ഡിയും ജനതാദൾ-എസും തമ്മിൽ ലയിക്കാൻ സി.പി.എം നേരത്തേ ആവശ്യപ്പെട്ടെങ്കിലും ചർച്ചകൾ മുന്നോട്ടുപോയിരുന്നില്ല. ഇപ്പോൾ രണ്ടുപാർട്ടിക്കും സമാന അവസ്ഥ വന്നതോടെ ലയനചർച്ചകൾ വീണ്ടും തുടങ്ങണമെന്ന അഭിപ്രായമുള്ളവരും ഇരുപാർട്ടികളിലുമുണ്ട്. അതേസമയം കെ.പി. മോഹനനെ മന്ത്രിയാക്കണമെന്ന ആവശ്യം എൽ.ഡി.എഫ് പരിഗണിക്കാത്തതും പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യവുമെല്ലാം പരിഗണിക്കുമ്പോൾ എൽ.ജെ.ഡി ഏതുപക്ഷത്ത് നിലയുറപ്പിക്കുമെന്നതിലും ആശങ്കകളുണ്ട്. എൽ.ജെ.ഡി ലയിക്കാൻ പോകുന്ന ആർ.ജെ.ഡിയുടെ കേരള ഘടകം നിലവിൽ യു.ഡി.എഫിന്റെ ഭാഗമാണ്. മാത്രമല്ല എൽ.ഡി.എഫിന്റെ ഭാഗമാകില്ലെന്ന് ചൂണ്ടിക്കാട്ടി ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ തന്നെ എൽ.ജെ.ഡിയുമായുള്ള ലയനത്തിനെതിരെ രംഗത്തുവരുകയും നേതൃത്വത്തെ പരാതി അറിയിക്കുകയും ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.