മൂന്നാർ: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ മുഖപത്രം
text_fieldsകോഴിക്കോട്: മൂന്നാർ കയ്യേറ്റത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഭൂമാഫിയക്കും റിസോർട്ട് ലോബിക്കും ചിലർ ചൂട്ടുവെട്ടം തെളിയിക്കുന്ന ചിലർ തങ്ങളും ഇടതുപക്ഷമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. സ്വന്തം ഭൂമിയില്ലാത്തവരാണ് സ്ഥലം കയ്യേറുന്നതെങ്കിൽ മനസിലാക്കാം. എന്നാൽ ഏക്കറുകൾ കയ്യേറി ബഹുനില മന്ദിരങ്ങളും ആഡംബര റിസോർട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവർ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രിമിനലുകളെ ഇറക്കി ആക്രമിക്കുന്ന സംഭവപരമ്പരകളാണ് മൂന്നാറിൽ അരങ്ങേറുന്നതെന്നും ലേഖനത്തിൽ പറയുന്നു. ദേവികയുടെ ‘ഭൂ – ഭവനരഹിതർക്ക് മൂന്നേക്കർ ഭൂമി, മൂന്നുനില വീട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശനം.
സർക്കാർ ഭൂമിയിൽ ക്വാറി മാഫിയ മൂന്നാറിന്റെ മാറുതുരന്ന് കരിങ്കൽ ഖനനം നടത്തുമ്പോൾ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധി തന്നെ അതിനു നേതൃത്വം നൽകുക എന്നിങ്ങനെ കാര്യങ്ങൾ നീങ്ങുന്നതും നീക്കുന്നതും ഇടതുകുപ്പായമണിഞ്ഞവർക്കു ഭൂഷണമല്ല. ആ കുപ്പായം അവർക്കു ചേരുന്നതല്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
കയ്യേറ്റക്കാരെ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരെൻറ നിലപാടിനെ വിമർശിച്ച നേതാവിനു ബുദ്ധിഭ്രമമാണ്. ആ സ്വരം മാഫിയകളിൽനിന്നു കടമെടുത്തതാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
നേരത്തെ, മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറിയാണ് പ്രമുഖ സി.പി.എം നേതാക്കൾ കെട്ടിടം പണിയുകയും വീട് വയ്ക്കുകയും ചെയ്തതെന്ന്വാർത്ത വന്നിരുന്നു. കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ വിരട്ടി ഒാടിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഭൂമികയ്യേറി പാർട്ടി ഗ്രാമം തന്നെയുണ്ടാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.