ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്ക് നിർത്തണം; രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം
text_fieldsകോഴിക്കോട്: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ മടിച്ച് സമ്മർദ തന്ത്രം പ്രയോഗിച്ച ഗവർണർക്കെതിരെ സി.പി.ഐ മുഖപത്രം. ഗവർണറുടെ ഇന്നലത്തെ നടപടി ഭരണഘടന വിരുദ്ധമാണെന്നും നിഷേധാത്മക നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. സംസ്ഥാനങ്ങളുടെ നയപരിപാടിയിൽ ഗവർണർമാരെ ഉപയോഗിച്ച് കൈകടത്തുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താൻ ഗവർണർമാരെ ഉപയോഗിച്ച് മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവര്‍ണര്‍ എന്നതിനെക്കാള്‍ ഉപരി ബിജെപിയുടെയും സംഘ്പരിവാര്‍ ആശയസംഹിതയുടെയും ഏജന്റായാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു വരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് എതിരായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയോഗിക്കപ്പെട്ടവരാണ് മോഡി ഭരണകൂടം അവരോധിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍. തെലങ്കാനയിലും ചത്തീസ്ഗഢിലും പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗവര്‍ണര്‍മാര്‍ മികച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പകരം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തിലും നയപരിപാടികളിലും പ്രതിബന്ധം സൃഷ്ടിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കുന്നതിനുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.
പ്രതിപക്ഷ ഗവണ്മെന്റുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഗവര്‍ണര്‍മാരുടെ സാഹസിക ശ്രമങ്ങള്‍ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലം -ജനയുഗം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.