നിഥിന്‍െറ ശ്വാസനിശ്വാസങ്ങളും ഹൃദയമിടിപ്പും ഏറ്റുവാങ്ങി ജനീഷ ജീവിതത്തിലേക്ക്
text_fieldsകൊച്ചി: സംസ്ഥാനത്ത് ഇതാദ്യമായി ശ്വാസകോശങ്ങളും ഹൃദയവും ഒരുമിച്ച് മാറ്റിവെച്ച് വൈദ്യശാസ്ത്രരംഗത്ത് പുതിയൊരു ചരിത്രം തീര്‍ക്കുകയാണ് എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും സംഘവും. മസ്തിഷ്കമരണം സംഭവിച്ച 19കാരന്‍ നിഥിന്‍െറ ഹൃദയവും ഇരു ശ്വാസകോശവുമാണ് 26കാരി ജനീഷയില്‍ വെച്ചുപിടിപ്പിച്ചത്.
എറണാകുളം കുട്ടമ്പുഴ സ്വദേശിയായ ചുമട്ടുതൊഴിലാളി വര്‍ഗീസിന്‍െറയും നിര്‍മലയുടെയും മകള്‍ ജനീഷ ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന ഐസന്‍മെങ്ങര്‍ എന്ന അപൂര്‍വ അസുഖത്തിന് ചികിത്സയിലായിരുന്നു. രണ്ട് അവയവവും മാറ്റിവെക്കുകയേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും മോശം സാമ്പത്തികസ്ഥിതിയും യോജിച്ച അവയവങ്ങള്‍ കിട്ടുന്നതിലെ കാലതാമസവും യുവതിയുടെ സ്ഥിതി വഷളാക്കി. അതിനിടെയാണ് കരുനാഗപ്പള്ളി പുതുമംഗലത്ത് കിഴക്കേതില്‍ മോഹനന്‍-ലളിത ദമ്പതികളുടെ മകന്‍ നിഥിന്‍ കഴിഞ്ഞ നാലിന് അപകടത്തില്‍പെട്ടതും മസ്തിഷ്കമരണം സംഭവിച്ചതും.
നിഥിന്‍െറ ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചതോടെ നേരത്തേതന്നെ മൃതസഞ്ജീവനി പദ്ധതിവഴി അവയവങ്ങള്‍ ലഭിക്കാന്‍ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ (KNOS) രജിസ്റ്റര്‍ ചെയ്തിരുന്ന ജനീഷക്ക് സാധ്യത തെളിഞ്ഞു. ചെലവ് നാട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായതും അവയവങ്ങള്‍ ജനീഷക്ക് യോജിച്ചതാണെന്ന് കണ്ടത്തെുകയും ചെയ്തതോടെ അവയവമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ ഒരുങ്ങി.
ഈ മാസം ആറിന് രാവിലെ 7.45ഓടെ നിഥിന്‍െറ അവയവങ്ങള്‍ എടുക്കാന്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ആരംഭിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങള്‍ വേര്‍പെടുത്തിയത്. പൊലീസ് സംവിധാനങ്ങള്‍ സഹകരിച്ചതിനാല്‍ കേവലം പത്തുമിനിറ്റുകൊണ്ട് ഇവ ലിസി ആശുപത്രിയില്‍ എത്തിച്ചു.11.30ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. വൈകീട്ട് 3.15ന് നിഥിന്‍െറ ശ്വാസകോശവും ഹൃദയവും ജനീഷയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സങ്കീര്‍ണ ശസ്ത്രക്രിയക്ക് ഏഴുമണിക്കൂറെടുത്തു. ഇതുവരെ കാര്യങ്ങള്‍ തൃപ്തികരമാണെന്നും എന്നാല്‍, വെല്ലുവിളികള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ളെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഡോക്ടര്‍മാരായ ജേക്കബ് എബ്രഹാം, റോണി മാത്യു കടവില്‍, ഭാസ്കര്‍ രംഗനാഥന്‍, തോമസ് മാത്യു, ജോ ജോസഫ്, രാഹുല്‍ സൈമണ്‍, ജോബ് വിത്സണ്‍, സി. സുബ്രഹ്മണ്യന്‍, ഗ്രേസ് മരിയ, മനോരസ് മാത്യു, കൊച്ചുകൃഷ്ണന്‍, സുമേഷ് മുരളി എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളാണ്. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബു ഫ്രാന്‍സിസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.