പൊലീസ് മെഡൽ വാങ്ങാൻ രോഗക്കിടക്കയിൽനിന്ന് ജസീലയെത്തി
text_fieldsതിരുവനന്തപുരം: സേവനകാലത്ത് ജോലിയോട് ആത്മാർപ്പണം പ്രകടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥ വയനാട് സ്വദേശിനി കെ.ടി. ജസീലക്ക് ഒടുവിൽ 2019ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കൈപ്പറ്റാനായി. കഴിഞ്ഞവർഷം മാർച്ചിൽ ബസപകടത്തെതുടർന്ന് ആറുമാസത്തോളം കാലുകൾ തളർന്ന് കിടപ്പിലായ ജസീലക്ക് പുരസ്കാരം കൈപ്പറ്റാൻ കഴിഞ്ഞില്ല.
കള്ളനെ ഓടിച്ചുപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിക്കും മറ്റനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി 14 വർഷത്തെ സർവിസിനിടയിൽ അനേകം അനുമോദനപത്രങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച പൊലീസ് മെഡൽ വാങ്ങാൻ കഴിയാത്തതിെൻറ മനോവിഷമത്തിലായിരുന്നു അവർ. പൊലീസ് ആസ്ഥാനത്തെത്തി നേരിട്ട് കൈപ്പറ്റാനുള്ള ആഗ്രഹം വ്യക്തമാക്കി ഡി.ജി.പിക്ക് കത്തെഴുതിയത് വഴിത്തിരിവായി. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് നടന്ന പുരസ്കാരവിതരണ ചടങ്ങിലേക്ക് പ്രത്യേക ക്ഷണിതാവായെത്തി ജസീല മെഡൽ സ്വീകരിച്ചു.
ബുള്ളറ്റുൾപ്പെടെ പൊലീസ് വാഹനങ്ങൾ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം വനിത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു കൽപറ്റ വനിതാസെല്ലിലെ ജസീല. അപകടത്തിനുശേഷം വന്ന അർബുദബാധയും കാര്യമാക്കാതെ വാക്കറിെൻറ സഹായത്തോടെയാണ് പൊലീസ് ആസ്ഥാനത്തെത്തിയത്.
തെൻറ ആഗ്രഹസാക്ഷാത്കാരത്തിന് കൂടെനിന്ന കോഴിക്കോട് റൂറൽ കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായ ഭർത്താവ് കെ.പി. അഭിലാഷിനും അപേക്ഷ ദയാപൂർവം കൈകാര്യം ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സനൂജക്കുമായി മെഡൽ സമർപ്പിക്കുന്നെന്ന് ജസീല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.