ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല; തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല -സി.ബി.ഐ
text_fieldsതിരുവനന്തപുരം: കോട്ടയത്ത് നിന്ന് കാണാതായ ജസ്ന മതപരിവർത്തനം നടത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി സി.ബി.ഐ. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ലെന്നും സി.ബി.ഐ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മതപരിവർത്തനേകന്ദ്രങ്ങൾ പരിശോധിച്ചാണ് സി.ബി.ഐയുടെ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പൊന്നാനി, ആര്യസമാജം കേന്ദ്രങ്ങളിലും കേരളത്തിന് പുറത്തും അന്വേഷണം നടത്തി. ഒരുതരത്തിലുള്ള തെളിവുകളും ലഭിച്ചില്ല.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി അജ്ഞാത മൃതദേഹങ്ങളും ആത്മഹത്യ നടക്കാറുള്ള കേന്ദ്രങ്ങളും പരിശോധിച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കി. കോവിഡ് കാലത്ത് ജസ്ന വാക്സിനായി രജിസ്റ്റർ ചെയ്തിരുന്നോ എന്നും പരിശോധിച്ചു. എന്നാൽ ഒരു തെളിവും ലഭിച്ചില്ല. ജസ്നക്കായി ഇന്റർപോൾ യെലോ നോട്ടീസ് പുറത്തിറക്കി. ഇന്റർപോൾ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ നൽകിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു പോവുകയുള്ളൂ.
കാണാതായതിന് പിന്നിൽ ജസ്നയുടെ പിതാവും സഹോദരനുമാണെന്ന് ചിലർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഇരുവരെയും രാജ്യത്തെ മികച്ച ലാബുകളിൽ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തിയെന്നും തിരോധാനത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതായും സി.ബി.ഐ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
തിരോധാന കേസിൽ ആദ്യത്തെ 48 മണിക്കൂർ നിർണായകമാണ്. എന്നാൽ ആ ഗോൾഡൻ അവർ പൊലീസ് ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും സി.ബി.ഐ കുറ്റപ്പെടുത്തി. ആ ഘട്ടത്തിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ എന്തെങ്കിലും തെളിവ് ലഭിക്കുമായിരുന്നുവെന്നും സി.ബി.ഐയുടെ റിപ്പോർട്ടിലുണ്ട്.
2018 മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജസ്നയെ കാണാതാവുകയായിരുന്നു. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് ഹൈകോടതി നിർദേശപ്രകാരം 2021 ഫെബ്രുവരിയിൽ സി.ബി.ഐ ഏറ്റെടുക്കുന്നത്. എന്നാൽ രണ്ടുവർഷം അന്വേഷണം നടത്തിയിട്ടും സി.ബി.ഐക്കും ജസ്നയെ കണ്ടെത്താനായില്ല. തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഭാവിയിൽ പുതിയ തെളിവുകൾ ലഭിച്ചാൽ പുനരന്വേഷണം നടത്തുമെന്നും സി.ബി.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.