ജസ്ന തിരോധാനം: ‘സുവർണ മണിക്കൂറുകൾ’ കേരള പൊലീസ് നഷ്ടപ്പെടുത്തിയെന്ന് സി.ബി.ഐ, പ്രണയിച്ച് ഒളിച്ചോടാൻ സാധ്യതയില്ലെന്ന് നിഗമനം
text_fieldsതിരുവനന്തപുരം: കോട്ടയം എരുമേലിയിൽനിന്ന് ആറുവർഷം മുമ്പ് കാണാതായ ജസ്ന മരിയ ജെയിംസിനായി സി.ബി.ഐ പോയത് സിനിമ കഥയെ വെല്ലുന്ന അന്വേഷണവഴികളിലൂടെ. ജസ്നയെ കണ്ടെത്താൻ കഴിയാതെ, അന്വേഷണം അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജസ്നയുടെ തിരോധാനത്തിന്‍റെ നേരറിയാൻ സി.ബി.ഐ നടത്തിയ അന്വേഷണവഴികൾ അക്കമിട്ട് നിരത്തുന്നത്.
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാർഥിയായ ജസ്നയെ 2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍നിന്ന് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. കാണാതായെന്ന പരാതി ലഭിച്ചിട്ടും അന്വേഷണത്തിന്‍റെ ‘സുവർണ മണിക്കൂറുകൾ’ കേരള പൊലീസ് നഷ്ടപ്പെടുത്തിയെന്ന് സി.ബി.ഐ കുറ്റപ്പെടുത്തുന്നു. ലോക്കൽ പൊലീസ് ഈ കേസിന് മുൻഗണന നൽകിയില്ലെന്നും ക്രൈംബ്രാഞ്ചിന് ഒരു തെളിവും കണ്ടെത്താനായില്ലെന്നും സി.ബി.ഐ ഇൻസ്പെക്ടർ കെ. നിപുൻ ശങ്കറുടെ റിപ്പോർട്ടിലുണ്ട്.
ജസ്നക്ക് പ്രണയമുണ്ടായിരുന്നു. എന്നാൽ ഈ വിദ്യാർഥിക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. അത് ജെസ്നക്ക് അറിയാമായിരുന്നു. അതിനാൽ ജസ്നയെ സഹപാഠിയായാണ് അയാൾ കണ്ടത്. കാണാതാകുന്നതിന്‍റെ തലേദിവസം (2018 മാർച്ച് 21) രാവിലെ ജസ്ന ഈ സഹപാഠിയെ ഫോൺ ചെയ്തു. ജസ്നയുമായി സംസാരിക്കരുതെന്ന് സഹോദരൻ വിലക്കിയതിനാൽ സഹപാഠി ഫോൺ എടുത്തില്ല. ഇത് തന്‍റെ അവസാന കോളായിരിക്കുമെന്ന് ജസ്ന സന്ദേശമയച്ചു.
പിന്നീട് സഹപാഠി ഫോണെടുത്തപ്പോൾ ഇനി വിളിക്കില്ലെന്ന് ജസ്ന പറഞ്ഞു. ഫോൺ കട്ട് ചെയ്ത് താൻ മരിക്കാൻ പോകുന്നെന്ന സന്ദേശമയച്ചു. സഹപാഠി ഇക്കാര്യം ജസ്നയുടെ സഹോദരിയെ അറിയിച്ചു. ഈ വിദ്യാർഥിയെയും ജസ്നയുടെ പിതാവ് ജെയിംസ് ജോസഫിനെയും നുണ പരിശോധനക്കടക്കം വിധേയമാക്കിയെങ്കിലും കേസന്വേഷണത്തെ സഹായിക്കുന്ന തെളിവുകൾ ലഭിച്ചില്ല.
2017 ഏപ്രിൽ മുതൽ 2018 മാർച്ച് 22 വരെയുള്ള ജസ്നയുടെ ഫോൺ രേഖകൾ സി.ബി.ഐ പരിശോധിച്ചു. സഹോദരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിളിച്ചത് സഹപാഠിയെയായിരുന്നു. എന്നാൽ വിദ്യാർഥിക്ക് ജസ്നയോട് പ്രണയമുണ്ടായിരുന്നില്ലെന്നും ജസ്ന വിളിക്കുമ്പോൾ പലപ്പോഴും ഇയാൾ ദേഷ്യപ്പെട്ടതായും ഹോസ്റ്റലിലുള്ളവർ മൊഴി നൽകി. അതുകൊണ്ട് ജസ്ന പ്രണയിച്ച് ഒളിച്ചോടാൻ സാധ്യതയില്ലെന്നാണ് സി.ബി.ഐ നിഗമനം.
ജസ്ന മതം മാറിയിരിക്കാമെന്ന സംശയത്തെ തുടർന്ന് നേരത്തെ മതംമാറിയ ഹാദിയയടക്കമുള്ള പലരുമായി അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടക, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയത്. ജസ്നക്കായി പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ട്. ഭാവിയിൽ എന്തെങ്കിലും വിവരം ലഭിക്കുന്ന മുറക്ക് അന്വേഷണം തുടരാൻ കഴിയുമെന്നാണ് റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.