ജസ്ന മലപ്പുറത്ത് എത്തിയിരുന്നുവെന്ന് വിവരം
text_fieldsകോട്ടയം: പത്തനംതിട്ടയിൽ നിന്ന് കാണാതായ മുക്കൂട്ടുതറ സ്വദേശി ജസ്നയെ മലപ്പുറത്ത് കണ്ടതായി വിവരം ലഭിച്ചു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പരിശോധന നടത്തി.
മേയ് മൂന്നിന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജസ്നയെ കണ്ടതായാണ് പൊലീസിന് ലഭിച്ച സൂചനകൾ. ദീർഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ ജസ്ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയതാകാനാണ് സൂചന.
അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ പരിശോധന
ജസ്നയുടെ പിതാവിനു പങ്കാളിത്തമുള്ള കമ്പനി നിർമിക്കുന്ന വീട്ടിൽ പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. മുണ്ടക്കയത്തിനടുത്ത് ഏന്തയാറിലെ കെട്ടിടത്തിെൻറ കക്കൂസ് മുറിയിൽ മണ്ണ് നീക്കിയ നിലയിലാണ്. എന്നാൽ, ഇത് അന്വേഷണത്തിെൻറ ഭാഗമല്ലെന്നാണ് പൊലീസ് വിശദീകരണം. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിെല്ലന്നും അവർ പറയുന്നു. ജനുവരിയിൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച സ്ഥലത്തായിരുന്നു പരിശോധന.
നിർമാണത്തിലിരിക്കുന്ന കെട്ടിടം പൊലീസ് പരിശോധിക്കുന്നുവെന്ന ചില ചാനലുകളിൽ വാർത്ത വന്നതിനെത്തുടർന്ന് ‘ദൃശ്യം’ സിനിമ മോഡൽ പരിശോധനയുണ്ടെന്ന് കരുതി വ്യാഴാഴ്ച നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്കാനർ പരിശോധന ഉൾപ്പെടെയുള്ള അന്വേഷണത്തിനായി കാത്തിരുന്നവർ പൊലീസ് എത്താതിരുന്നതോടെ വൈകീട്ട് മടങ്ങി. പൊലീസ് രണ്ടുദിവസം മുമ്പ് ഇവിടെയെത്തിയെന്നും കെട്ടിടത്തിെൻറ ഉള്ളിൽ കയറി പരിശോധന നടത്തിയെന്നും അയൽവാസികൾ അറിയിച്ചു. ഇൗ വീടിെൻറ നിർമാണം ജസ്നയെ കാണാതാകുന്നതിനും രണ്ടുമാസം മുമ്പ് തന്നെ നിലച്ചതാണ്. വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുമോ എന്ന സംശയത്തിലായിരുന്നവത്രേ തറകുഴിച്ചുള്ള പരിശോധന. െപാതുജനങ്ങളിൽനിന്ന് വിവരം ശേഖരിക്കാനായിെവച്ച പെട്ടിയിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നുമറിയുന്നു.
അതേസമയം, പൊലീസിേൻറത് ഉൗഹാപോഹങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണെന്ന് ജസ്നയുടെ പിതാവ് ജയിംസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പരിശോധനകൾ അന്വേഷണത്തിെൻറ വഴിമാറ്റത്തിനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജസ്നയുടെ ഫോണിൽനിന്ന് അയച്ചതും വന്നതുമായ സന്ദേശങ്ങളും ഫോൺവിളികളും വീണ്ടെടുത്ത പൊലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല. ആദ്യഘട്ടത്തിൽ ഫോൺ സേന്ദശം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് ഇവ കണ്ടെത്താനായത്. ജസ്നയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.
ജസ്നയുടെ ഫോണിൽനിന്ന് ലഭിച്ച സന്ദേശങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം സൂചന നൽകി. തുടക്കത്തിൽതന്നെ ഫോൺ സന്ദേശങ്ങളിൽനിന്നുള്ള സൂചനകളനുസരിച്ച് സുഹൃത്തിനെ ചോദ്യംചെയ്തിരുന്നു. മറ്റുള്ള അടുപ്പക്കാരിലേക്കും അേന്വഷണം നീളുമെന്നാണ് പൊലീസ് പറയുന്നത്. സന്ദേശങ്ങളിലെ വിവരങ്ങളും ലഭിച്ച മൊഴികളിലുമുള്ള വൈരുധ്യവും അന്വേഷിക്കും. പിതാവിനെയും സഹോദരനെയും ഇനിയും വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന വീട്ടില്‍ നിന്നിറങ്ങി എന്നാണ് ബന്ധുക്കളുടെ മൊഴി. തൊട്ടടുത്ത ദിവസം പിതാവ് പൊലീസില്‍ പരാതി നല്കി. ആദ്യദിവസങ്ങളിൽ അന്വേഷണം മന്ദഗതിയാലായിരുന്നു. വെച്ചൂച്ചിറ പൊലീസും എരുമേലി പൊലീസും അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്നാണ് പരാതി. വിവരങ്ങൾ ലഭിക്കാൻ പൊലീസ് പലയിടത്തും ബോക്സുകൾ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് കിട്ടിയ ചിലവിവരങ്ങളും അേന്വഷിക്കുന്നുണ്ട്. വൈകാതെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുമെന്നും പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.