ജസ്‌നയെ കാണാതായിട്ട് ആറുമാസം; അന്വേഷണം ഇഴയുന്നു
text_fieldsകാഞ്ഞിരപ്പള്ളി: കോളജ് വിദ്യാര്‍ഥിനി ജസ്‌ന മറിയ ജയിംസിനെ കാണാതായിട്ട് ആറു മാസമാകുമ്പോഴും പൊലീസ് അന്വേഷണം ഇഴയുകയാണെന്ന് ആക്ഷൻ കൗൺസിൽ. കേരളത്തിലും പുറത്തും ഊർജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണ്. ജസ്നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയിൽ നിന്ന് നിരവധി തവണ പൊലീസ് വിശദീകരണം തേടിയെങ്കിലും തിരോധാനത്തിന് കാരണമായ സൂചനകളൊന്നും തന്നെ ലഭിച്ചില്ല. ഐ.ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറയുമ്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജസ്നയെന്നു തോന്നിക്കുന്ന യുവതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോണ്‍ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും പ്രയോജനപ്പെട്ടില്ല. 200 ഓളം പേരിൽ നിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലും പുറത്തും തെരച്ചിൽ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്റ്റേറ്റുകളിലും വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തെരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബംഗളൂരുവിൽ അന്വേഷണത്തിന് പോയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.