മഞ്ഞപ്പിത്ത മരണം കൂടുതലും യുവാക്കളിൽ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് യുവാക്കളിൽ മഞ്ഞപ്പിത്ത മരണം വർധിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളിൽ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ 27ാം തീയതിവരെ എട്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. ഇതിൽ ഏഴുപേരും 45 വയസ്സിൽ താഴെയുള്ളവരാണ്. മേയ് മാസത്തിൽ 12 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരണത്തിന് കീഴടങ്ങിയതിൽ ഒമ്പതുപേരും 50 വയസ്സിൽ താഴെയുള്ളവരാണ്. ആറുപേർ 45 വയസ്സിൽ താഴെയുള്ളവരും. 14 വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൂടി ലഭിച്ചാൽ നിരക്ക് ഇതിലും കൂടും.
രണ്ടു മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 മരണങ്ങളിൽ 13ഉം 45ന് താഴെ പ്രായമുള്ളവരാണ്. യുവാക്കളിൽ മഞ്ഞപ്പിത്ത മരണം കൂടുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലാണ് യുവാക്കളിൽ മഞ്ഞപ്പിത്ത മരണനിരക്ക് കൂടിയതെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. അതിനുമുമ്പ് ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
യുവാക്കളിൽ മരണനിരക്ക് കൂടുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയതായും പഠനത്തിന് തുടക്കം കുറിച്ചതായും മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാക്കളുടെ, രോഗത്തിന് മുമ്പും ശേഷവുമുള്ള ആരോഗ്യചരിത്രമാണ് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, വൈറോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പഠനവിധേയമാക്കുന്നത്. പഠനറിപ്പോർട്ട് ഉടൻ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് സമർപ്പിക്കും. കോവിഡാനന്തരം യുവാക്കളുടെ പ്രതിരോധശേഷി കുറഞ്ഞോ, മഞ്ഞപ്പിത്തം പരത്തുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകൾക്ക് ജനിതക മാറ്റം സംഭവിച്ചോ തുടങ്ങിയ കാര്യങ്ങളിൽ വിശദപഠനം ആവശ്യമാണെന്നും ഡോക്ടർമാർ പറയുന്നു.
മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമായതിനാൽ കരൾ സംബന്ധമായ അസുഖങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. കോവിഡ് ബാധിച്ചവരിലും കരൾ സംബന്ധമായ അസുഖത്തിന് സാധ്യത കൂടുതലാണ്. അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ പഠനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ നിർദേശം സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.