പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്തം
text_fieldsതിരുവനന്തപുരം: പ്രതിരോധം ശക്തമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്ത വ്യാപനം. ജനുവരി ഒന്നു മുതൽ ജൂൺ ആറുവരെ രോഗം സ്ഥിരീകരിച്ചത് 2544 പേരിലാണ്. 21 മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം ചേലേമ്പ്രയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയുടെ മരണമാണ് ഒടുവിലത്തേത്. അഞ്ചു മാസത്തിനിടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചത് മലപ്പുറം ജില്ലയിലാണ്; 1277 പേർക്ക്. മരണത്തിലും മുന്നിൽ മലപ്പുറമാണ്; ഒമ്പത്. 609 കേസുള്ള കോഴിക്കോടാണ് രണ്ടാമത്. ഇവിടെ അഞ്ചുപേർ മരിച്ചു.
രോഗപ്പടർച്ചയിൽ വർധനയുണ്ടായെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നുണ്ട്. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങൾ പ്രത്യേകം മാർക്ക് ചെയ്തു സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മഞ്ഞപ്പിത്ത രോഗകാരിയായ ഹെപ്പറ്റൈറ്റിസ് എ താരതമ്യേന അപകടകാരിയല്ല. കുഞ്ഞുങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടിരുന്നതും. എന്നാൽ, ഈ അടുത്തായി കുഞ്ഞുങ്ങൾക്കൊപ്പം മുതിർന്നവരും വ്യാപകമായി മഞ്ഞപ്പിത്ത ബാധിതരാകുന്നുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇവിടങ്ങളിലെ ഭൂരിഭാഗം ജലസ്രോതസ്സുകളും മലിനമാണെന്നാണ് കണ്ടെത്തൽ. കക്കൂസ് മാലിന്യങ്ങൾ കുടിവെള്ളത്തിൽ കലരുന്നതും വിവാഹം, പൊതുപരിപാടികൾ, ജ്യൂസ് കടകൾ, ഐസ് കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മലിനമായ വെള്ളം ഉപയോഗിച്ചതും രോഗപ്പടർച്ചക്ക് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.