പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകാര്യമല്ലെന്ന് ജയചന്ദ്രൻ
text_fieldsതിരുവനന്തപുരം: പിങ്ക് പൊലീസ് കേസിൽ പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്ന് പിറ്റേ ദിവസം മുതല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല. അതിനുശേഷമാണ് ഹൈകോടതിയെ സമീപിച്ചത്. ഇതുവരെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മാപ്പ് പറഞ്ഞാല്‍ എങ്ങനെയാണ് നീതിയാകുന്നത്. അവര്‍ കുറ്റക്കാരിയാണെന്ന് സ്വയം ബോധ്യപ്പെട്ടതിനാലാണ് മാപ്പ് പറഞ്ഞത്. സംഭവം നടന്ന് നാലുമാസം കഴിഞ്ഞാണ് മാപ്പ് പറയുന്നത്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ഖേദപ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വയസ്സുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പിങ്ക് പൊലീസ് ഒാഫീസർ രജിത ഇന്ന് ഹൈകോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു. നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ടാണ് പൊലീസ് ഒാഫീസർ സത്യവാങ്മൂലം സമർപ്പിച്ചത്. സംഭവത്തില്‍ കുട്ടിയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി വനിതാ പൊലീസ് ഒാഫീസർ വ്യക്തമാക്കി.
പിങ്ക് പൊലീസിനെതിരായ പരാതിയിൽ സർക്കാറിനെ രൂക്ഷമായി ഹൈകോടതി വിമർശിച്ചു. സർക്കാർ റിപ്പോർട്ടിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തു കൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ചു. പെൺകുട്ടിയെ പരിശോധിക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമാണ്. യൂണിഫോമിട്ടാൽ എന്തുമാകാമെന്നാണ് അവസ്ഥ. കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്നും ഹൈകോടതി കുറ്റപ്പെടുത്തി.
കുട്ടി അനുഭവിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പകരം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി നിർദേശിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി അതിന്‍റെ റിപ്പോര്‍ട്ട് ഹാജരാക്കാൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് കോടതി ഉത്തരവിട്ടു. കുട്ടിയെ കൗണ്‍സിലിങ് ചെയ്ത ഡോക്ടറോട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാനും ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് കോടതി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.