Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഥകളി നടനും...

കഥകളി നടനും അധ്യാപകനുമായ ജയദേവ വർമ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കഥകളി നടനും അധ്യാപകനുമായ ജയദേവ വർമ വാഹനാപകടത്തിൽ മരിച്ചു
cancel

അങ്കമാലി: കഥകളി നടനും അധ്യാപകനുമായ ജയദേവ വർമ (ഫാക്ട് ജയദേവ വർമ - 66) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ദേശം കുന്നുംപുറം സൗപർണിക ബേക്കറിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ 5.45നായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ദേശം ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അവശനിലയിലായ ജയദേവവർമ്മയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

അക്ഷരശ്ലോകവിദ്വാൻ അഞ്ചേരി കിഴക്കേചങ്കരംപാട്ട് കെ.സി രാമവർമ്മയുടെയും, ചൊവ്വര കോയിക്കൽ മഠത്തിൽ നന്ദിനി നമ്പിഷ്ട്യാതിരിയുടെയും മകനാണ്. ഫാക്ട് ഉദ്യോഗമണ്ഡൽ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ഫാക്ട് ഭാസ്ക്കരൻ എന്നിവരുടെ ശിക്ഷണത്തിലാണ് കഥകളിയിൽ ആദ്യപാഠം അഭ്യസിച്ചത്. ശേഷം കോട്ടക്കൽ പി.വി.എസ് നാട്യസംഘത്തിൽ കോട്ടക്കൽ കൃഷ്ണൻകുട്ടിനായരുടെയും, കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെയും ശിക്ഷണത്തിൽ തുടർപഠനവും തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം കൃഷ്ണൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള എന്നിവരുടെ ശിക്ഷണത്തിലും ജയദേവവർമ്മ കഥകളി അഭ്യസിച്ചു. തിരുവനന്തപുരത്ത് എം.കെ.കെ നായർ രക്ഷാധികാരിയായിരുന്ന 'താണ്ഡവ' കഥകളി ടീയറ്ററിന്‍റെ ആരംഭം മുതൽ കഥകളി സംഘാടകനായും നടനായും അധ്യാപകനായും പ്രവർത്തിച്ചു.

സംസ്ഥാന യുവജനോത്സവ വേദികളിൽ വിധിയെഴുത്തുകാരിൽ പ്രധാനിയായിരുന്നു. മികച്ച കഥകളി നടനായി അറിയപ്പെടുന്നതിനിടെ മലയാള ചലച്ചിത്ര വേദിയിലും ജയദേവ വർമ വ്യക്തിമുദ്ര പതിപ്പിച്ചു. സംവിധായകൻ രാജസേനനൊപ്പം ആറ് സിനിമകളിൽ അസോസിയേറ്റായും, ബാലചന്ദ്ര മേനോൻ, വിജി തമ്പി എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'പുറപ്പാട്' സീരിയലിൽ കൈലാസ്നാഥിനൊപ്പം കഥകളി നടനായി അഭിനയച്ചിട്ടുണ്ട്. പള്ളിപ്പുറം ഗോപാലൻ നായർ, വെള്ളായണി നാണു നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം പത്മനാഭൻ നായർ, മടവൂർ വാസുദേവൻ നായർ, കലാമണ്ഡലം ഗോപി, നെല്ലിയോടു വാസുദേവൻ നമ്പൂതിരി, കോട്ടക്കൽ ചന്ദ്ര ശേഖരവാര്യർ, സദനം കൃഷ്ണൻകുട്ടി, ഫാക്ട് ഭാസ്ക്കരൻ, ഫാക്ട് പത്മനാഭൻ, മാർഗി വിജയകുമാർ തുടങ്ങി നിരവധി പ്രമുഖ നടന്മാർക്കൊപ്പം വേദികൾ പങ്കിട്ടു.

ദൂരദർശനിലെ കഥകളി 'എ'ഗ്രേഡ് ആർട്ടിസ്റ്റാണ്. പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ജയദേവവർമ്മ കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ കഥകളിവേഷമണിഞ്ഞിട്ടുണ്ട്. സ്പിക്മാക്കേ പാനലിലും, കൊച്ചി അമൃത സ്കൂളിലും അധ്യാപകനായി പ്രവർത്തിച്ചു വരുകയായിരുന്നു. കാലടി കാഞ്ഞൂർ പുതിയേടത്തായിരുന്നു സ്ഥിരം താമസം. രണ്ടര മാസം മുമ്പാണ് ദേശം കുന്നുംപുറത്തുള്ള പി.വി.എസ് ഫ്ലാറ്റിൽ താത്ക്കാലിക താമസത്തിനെത്തിയത്.

ഭാര്യ: പന്തളം കൊട്ടാരം കുടുംബാംഗം പത്മജ തമ്പുരാട്ടി. മക്കൾ: രാം കശ്യപ് വർമ, ഗോകുൽ കൃഷ്ണ രാജ. മരുമകൾ: വിദ്യരാം. സഹോദരങ്ങൾ: ഗിരിജ വർമ, അശോക വർമ, ഗീത രാജ. സംസ്കാരം കാഞ്ഞൂർ പുതിയേടം വീട്ടുവളപ്പിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jayadeva Varma
News Summary - Jayadeva Varma died in road accident
Next Story