മുടങ്ങാതെ എത്തുന്നുണ്ട്; ജയന്റെ പോസ്റ്റ് കാർഡിലെ പുതുവത്സര ആശംസ
text_fieldsതൃശൂർ: പുതുവത്സര കാർഡുകളാൽ നിറഞ്ഞുകവിഞ്ഞ തപാൽപെട്ടികൾ വിസ്മൃതിയിലാകുമ്പോഴും ആശംസകൾ കൈമാറാൻ പോസ്റ്റ് കാർഡുകളെ പ്രണയിക്കുകയാണ് ഗ്രന്ഥശാല പ്രവർത്തകനായ ജയൻ അവണൂർ.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതുവത്സര ആശംസകൾ നിറഞ്ഞുകൊണ്ടിരിക്കുമ്പോഴും അവണൂരിലെ വീട്ടിലിരുന്ന് ജയൻ 50 പൈസ പോസ്റ്റ് കാർഡിൽ പുതുവത്സരാശംസകൾ എഴുതുന്ന തിരക്കിലാണ്. 150 കാർഡുകളിൽ 125 കാർഡുകളേ എഴുതിക്കഴിഞ്ഞിട്ടുള്ളൂ എന്ന വിഷമമുണ്ട് ജയന്. ബാക്കിയുള്ളതും പൂർത്തിയാക്കി ശനിയാഴ്ച പുതുവത്സര ദിനത്തിൽതന്നെ അയക്കാനാകുമെന്നാണ് പ്രതീക്ഷ.
പത്താംക്ലാസ് കാലത്തുതന്നെ ആകാശവാണിയിലേക്ക് കുറിപ്പെഴുതിയാണ് പോസ്റ്റ് കാർഡുകളുമായി ഇഷ്ടത്തിലായത്. പിന്നീട് പരിചയപ്പെടുന്നവർക്ക് കാർഡിൽ ആശംസകളെഴുതുന്നത് ശീലമായി. പരിചയങ്ങളേറിയതോടെ 50ഉം നൂറും ആശംസ പോസ്റ്റ് കാർഡുകൾ അവണൂരിലെ വീട്ടിൽനിന്ന് പോയിതുടങ്ങിയിട്ട് എട്ടു വർഷത്തിലധികമായെന്ന് ജയൻ പറയുന്നു. സാഹിത്യകാരന്മാരായ രാവുണ്ണി, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, എൻ.പി. ചന്ദ്രശേഖരൻ എന്നിവർക്ക് വിശേഷങ്ങൾ പങ്കുവെച്ച് സ്ഥിരമായി എഴുതിവരുന്നു.
പലരും മറുപടി വാട്സ്ആപ്പിൽ അയക്കാറുമുണ്ട്. കിട്ടിയില്ലെങ്കിൽ പരിഭവം പറയും. കൊടകര ഗ്രാമപഞ്ചായത്ത് ലൈബ്രേറിയനായി റിട്ടയർ ചെയ്തശേഷമുള്ള ആദ്യ പുതുവത്സരമാണിത്. അതിനാൽ കാർഡുകൾ കുറച്ചുകൂടി ഭംഗിയാക്കി ഡിസൈൻ ചെയ്യാൻ ആർട്ടിസ്റ്റ് സജീവെൻറ സഹായം ലഭിച്ചു.ആദ്യം 15 പൈസയായിരുന്നു കാർഡിന് വില.
പിന്നീട് 25ഉം 50ഉം പൈസയായി ഉയർന്നു. ഇടയ്ക്ക് തപാൽ വകുപ്പ് 50 പൈസ കാർഡ് നിർമിക്കാൻ 75 പൈസ ചെലവുണ്ട് എന്ന് പറഞ്ഞ് വിലകൂട്ടാൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രിക്ക് കത്തെഴുതി ജയൻ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.