ഒന്നര ഏക്കറിൽ നൂറിലധികം ഫലവൃക്ഷങ്ങൾ
text_fieldsകായംകുളം: കച്ചവടമാണ് ഉപജീവനമെങ്കിലും ജയപ്രകാശിെൻറ മനം നിറയെ കൃഷിയാണ്. വീട്ടുവളപ്പിൽ മനോഹരമായ ഫലവൃക്ഷത്തോട്ടം നിർമിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരിസ്ഥിതിദിനം ആചരിക്കുന്ന വേളയിൽ മനസ്സിൽ കൊണ്ടുനടന്ന തോട്ടം മണ്ണിൽ സഫലമായതിെൻറ സന്തോഷത്തിലാണ് ഭരണിക്കാവ് കട്ടച്ചിറനടയിൽ വടക്കതിൽ കൊച്ചുമോനെന്ന ജയപ്രകാശ് (51). പിതാവ് കൃഷ്ണകുട്ടി നായർ വലിയ കർഷകനായിരുന്നു. എന്നാൽ, അമ്മാവൻ ഗോപാലകൃഷ്ണനായിരുന്നു കൃഷിയിൽ ജയപ്രകാശിെൻറ ഗുരു.
ഭരണിക്കാവ് മുട്ടക്കുളം ക്ഷേത്രത്തിന് സമീപം പൂജസാധനങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് ജയപ്രകാശ്. വീടിനോട് ചേർന്ന് ഒന്നര ഏക്കറോളം സ്ഥലത്താണ് ഫലവൃക്ഷത്തോട്ടം ഒരുക്കിയിട്ടുള്ളത്. ഏറെ സാമ്പത്തിക ചെലവുകൂടാതെ ധാരാളം എതിർപ്പുകളും പ്രതിസന്ധികളും ഇതിന് അതിജീവിക്കേണ്ടിവന്നു.
ആദ്യം ചെയ്തത് പാഴ്വൃക്ഷങ്ങളെല്ലാം വെട്ടി നീക്കി സംരക്ഷണവേലി ബലപ്പെടുത്തുകയാണ്. 100ൽ അധികം മുന്തിയ ഇനം ഫലവൃക്ഷങ്ങളാണ് പിടിപ്പിച്ചിട്ടുള്ളത്. 13 ഇനം മാവുതന്നെയുണ്ട്. നമ്പ്യാർ, കാലാപാടി, വെള്ളകുളമ്പ്, മല്ലിക, കാദരി, റെഡ് ജാക്ക്, തായ്ലൻഡ്, ചന്ദ്രക്കാരൻ തുടങ്ങിയ ഇനങ്ങളാണ് പ്രധാനപ്പെട്ടത്.
ഫലവൃക്ഷങ്ങളുടെ നീണ്ടനിരതന്നെ തോട്ടത്തിൽ കണ്ണിന് കുളിർമയേകുന്നു. ആര്യവേപ്പ്, ഇത്തി, അത്തി, പേരാൽ, പ്ലാശിൻ ചമത, വിവിധയിനം മുരിങ്ങകൾ തുടങ്ങിയവയുമുണ്ട്. വിവിധയിനം തെങ്ങുകളും പിടിപ്പിച്ചിട്ടുണ്ട്. ഔഷധച്ചെടികളും പൂച്ചെടികളും വീട്ടുവളപ്പിനെ മനോഹരമാക്കുന്നു. സുഹൃത്തായ രഘുവാണ് തോട്ടമൊരുക്കുന്നതിൽ സഹായി.
ഒരോ മരത്തിലും പേരും ഇനവും ശാസ്ത്രീയനാമവും എഴുതി തൂക്കിയിട്ടുണ്ട്. സർക്കാർ സഹായമൊന്നും ഇല്ലാതെയാണ് ഈ പ്രവർത്തനങ്ങളൊക്കെ നടത്തിയത്. ഭരണിക്കാവ് കൃഷി ഓഫിസർ ബി. പ്രീതകുമാരിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തോട്ടം സന്ദർശിക്കുകയും പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
ഭാര്യ ബിന്ദുവും മക്കളായ അഭിരാമിയും ശ്രീപാർവതിയും തോട്ടത്തിെൻറ പരിപാലകരായി ഒപ്പമുണ്ട്. കൃഷിമന്ത്രി സുനിൽകുമാറിനെ ഏറെ ഇഷ്ടപ്പെടുന്ന ജയപ്രകാശിന് അദ്ദേഹം തെൻറ തോട്ടം സന്ദർശിക്കണമെന്ന ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.