ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി പരിഷത്തിന്റെ യൂണിറ്റ് പ്രസിഡന്റ്
text_fieldsകണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജയപ്രകാശ് തില്ലങ്കേരിയെ ശാസ്ത്ര സാഹിത്യ പരിഷത്ത് തില്ലങ്കേരി യൂനിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. സി.പി.എം ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അന്ധവിശ്വാസങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കാനും ശാസ്ത്രീയ കാര്യങ്ങളിൽ ബഹുജനങ്ങളെ ബോധവത്കരിക്കാനുമാണ് സംഘടന പ്രവർത്തിക്കുന്നത്.
സി.പി.എം നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയെ സംഘടനയുടെ നേതൃപദവിയിലേക്ക് തെരഞ്ഞെടുത്തത് പാർട്ടി അണികൾക്കിടയിൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. നേരത്തെ, സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീലചുവയോടെ സംസാരിച്ചുവെന്നുമുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ ജയപ്രകാശിനെയും മറ്റൊരു കൂട്ടാളിയായ ജിജോയെയും ആകാശിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, കാപ്പ ചുമത്തി ജയിലിലടച്ച ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹരജി തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് തള്ളി. ജാമ്യം റദ്ദുചെയ്യാനുള്ള മതിയായ കാരണങ്ങളില്ലെന്നും ആകാശിനെതിരെ നിലവിലുണ്ടെന്ന് പറയുന്ന കേസുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷണം.
ഹൈകോടതി നല്‍കിയ ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചുവെന്നു കാണിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഹൈകോടതിയുടെ വിധി ലംഘിച്ചെന്നും ജാമ്യം റദ്ദ് ചെയ്യാന്‍ മതിയായ കാരണമില്ലെന്ന ആകാശിന്റെ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, ഗുരുതര കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നായിരുന്നു ഹൈകോടതി വിധിയെന്നും ഐ.ടി ആക്ട് പ്രകാരമുള്ള രണ്ടു കേസുകള്‍ മാത്രമാണ് ഈ വര്‍ഷം ആകാശിനെതിരെ പൊലീസ് ചുമത്തിയതെന്നും പ്രതിഭാഗം അഭിഭാഷകനും വാദിച്ചു.
കൊലക്കുറ്റം നിലനില്‍ക്കെ മറ്റു കേസുകളില്‍ ഉള്‍പ്പെടരുതെന്ന ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചെന്ന് കാണിച്ച് മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ആകാശ് തില്ലങ്കേരിക്കുവേണ്ടി അഡ്വ. പി. രാജന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.