പി. ജയരാജനെ പ്രകീർത്തിച്ച് പോസ്റ്റ്; അഡ്വ. ഷുക്കൂറിനെ സ്ഥാനത്തുനിന്ന് നീക്കി
text_fieldsകാസർകോട്: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെ പുകഴ്ത്തി ഫേസ്ബുക് പോസ്റ്റിട്ട മുസ്ലിംലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെ ലോയേഴ്സ് ഫോറം കാസർകോട് ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. യു.എ. ലത്തീഫാണ് നടപടി സ്വീകരിച്ചത്. ലീഗ് ജില്ല നേതൃത്വത്തിെൻറ അഭ്യർഥന മാനിച്ചാണ് നടപടി.
പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് സി. ഷുക്കൂറിനെതിരെ നടപടിയെടുത്തതെന്ന് മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ പറഞ്ഞു.
മുസ്ലിംലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് ഭരണകൂടവും പൊലീസും പ്രതിസ്ഥാനത്ത് നിർത്തിയ ജയരാജനെ ഫാഷിസ്റ്റ് വിരുദ്ധൻ എന്നുപറഞ്ഞ് മഹത്ത്വവത്കരിച്ചതിനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് സി. ഷുക്കൂർ ഫേസ്ബുക് പേജിൽ ജയരാജനെ പ്രകീർത്തിച്ചുള്ള പരാമർശം നടത്തിയത്. വർഗീയതക്കും ഫാഷിസത്തിനുമെതിരെ പ്രവർത്തിക്കുന്ന പി. ജയരാജൻ മാതൃകയാണെന്നതരത്തിലായിരുന്നു പരാമർശം. പോസ്റ്റ് ശ്രദ്ധയിൽപെട്ട ലീഗ് പ്രവർത്തകർ വിമർശനവുമായി രംഗത്തുവരുകയും ഷുക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, താൻ അച്ചടക്കലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ആർ.എസ്.എസിെൻറ ഫാഷിസ്റ്റ് ഭീകരതക്കെതിരെ കൃത്യമായ നിലപാടെടുക്കുന്ന വ്യക്തിയെന്നനിലയിൽ പി. ജയരാജനോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സി. ഷുക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.