അതിരപ്പിള്ളി പദ്ധതി ദുരന്തത്തിന് വഴിയൊരുക്കും –ജയറാം രമേശ്
text_fieldsന്യൂഡല്‍ഹി: വിദഗ്ധ സമിതിയുടെ എതിര്‍പ്പ് മറികടന്ന് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നല്‍കിയതിലൂടെ കേരള സര്‍ക്കാര്‍ പരിസ്ഥിതി ദുരന്തത്തിന് വഴിയൊരുക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് മുന്നറിയിപ്പ് നല്കി. 2018ലെ പ്രളയത്തിന് ശേഷമെങ്കിലും കേരള സര്‍ക്കാറിന് പരിസ്ഥിതി ബോധമുണ്ടായിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ കരാര്‍ ലോബിയാണ് ശക്തരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1983ല്‍ സൈലൻറ്വാലി പദ്ധതി നിര്‍ത്തിവെച്ചാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പശ്ചിമഘട്ടം സംരക്ഷിച്ചത്. ആ പ്രതിബദ്ധതയും ധീരതയും ആശങ്കയും ഇന്ന് പരിസ്ഥിതിയുടെ കാര്യത്തില്‍ നഷ്ടമായെന്ന് ജയറാം രമേശ് പറഞ്ഞു. താന്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ 2010ല്‍ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭരണപക്ഷത്തുനിന്നുതന്നെയുള്ള നേതാവും സി.പി.ഐ രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പദ്ധതിക്കെതിരെ രംഗത്തുവന്നു. ഇപ്പോഴെടുത്ത തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണെന്നും പരിസ്ഥിതിയെ കുറിച്ച് ആശങ്കയില്ലാത്തവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൈവവൈവിധ്യങ്ങളുള്ള 178 ഹെക്ടര്‍ വനഭൂമി പദ്ധതിയുടെ ഭാഗമാകും. അത്യപൂര്‍വ ജീവജാലങ്ങളുടെ വാസസ്ഥലമാണ് അതിരപ്പിള്ളി. കാടാര് ആദിവാസി വിഭാഗങ്ങളെയും പദ്ധതി ദോഷകരമായി ബാധിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.