നെല്ല് വിവാദം: ജയസൂര്യയുടെ പരാമർശത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിലും ചർച്ച
text_fieldsകൊച്ചി: നെൽകർഷകർക്ക് തിരുവോണ നാളിലും പട്ടിണിയെന്ന നടൻ ജയസൂര്യയുടെ പരാമർശത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിലും ചർച്ചക്ക് ചൂടേറി. നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് ഫേസ്ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത്.
ജയസൂര്യയുടെ വാദങ്ങളെ തള്ളി വ്യവസായ മന്ത്രി പി. രാജീവ്, കൃഷിമന്ത്രി പി. പ്രസാദ് തുടങ്ങിയവർ രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരൻ നടന് പിന്തുണയും പ്രഖ്യാപിച്ചു. ഇതിനോടൊപ്പമാണ് സമൂഹമാധ്യമങ്ങളിലും ചേരിതിരിഞ്ഞ് നെല്ല് വിവാദം ചർച്ചയാകുന്നത്. കളമശ്ശേരി കാർഷികോത്സവ സമാപനച്ചടങ്ങിൽ മന്ത്രിമാരെ വേദിയിലിരുത്തി സർക്കാറിനെയും സപ്ലൈകോയെയും വിമർശിച്ച ജയസൂര്യയുടെ വാദങ്ങളാണ് ശരിയോ തെറ്റോ എന്ന് ചർച്ചയിൽ ഉയരുന്നത്.
കേരളത്തിലെ കർഷകരെ കുറിച്ചോർത്ത് വേദനിക്കുന്ന ജയസൂര്യ രാജ്യതലസ്ഥാനത്ത് ഏറെ നാൾ വെയിലും മഴയും കൊണ്ട് സമരം ചെയ്ത കർഷകരെ കുറിച്ച് ഒരു വാക്കുപോലും പറയാതിരുന്നതെന്ത് എന്നാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ നടന് പേടിയാണെന്നും സംഘ്പരിവാർ അനുകൂലിയാണെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്. നടനെതിരെ പരിഹാസപോസ്റ്റുകളും ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
ചില പ്രത്യേക സമയത്ത് മാത്രം പ്രകടമാകുന്ന സാമൂഹ്യപ്രതിബദ്ധതയാണ് അദ്ദേഹത്തിന്റേത് എന്ന വാദവും ഉയരുന്നു.
എന്നാൽ, ജയസൂര്യ പറഞ്ഞത് പാവപ്പെട്ട കർഷകരുടെ കാര്യമാണെന്നും അവർക്ക് അർഹമായ തുക നൽകാത്തത് കടുത്ത നീതിനിഷേധമാണെന്നും എതിർഭാഗം അഭിപ്രായപ്പെടുന്നു. പറയേണ്ട കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ പറയാൻ ധൈര്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പലരും അഭിനന്ദിച്ചു. നടൻ ഓണത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾക്കടിയിലും ഇരുവിഭാഗവും ഏറ്റുമുട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.