ജെ.ബി. കോശി റിപ്പോർട്ട്: സർക്കാറിനെതിരെ കത്തോലിക്ക സഭ
text_fieldsതൃശൂർ: ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് നാലു മാസത്തിലധികമായിട്ടും നടപ്പാക്കാത്തതിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ. ഭരണകക്ഷിയിലെ ചിലരുടെ സമ്മർദത്തെ തുടർന്നാണ് റിപ്പോർട്ട് നടപ്പാക്കാത്തതെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണമായ ‘കേരളസഭ’യുടെ പുതിയ ലക്കത്തിലെ മുഖലേഖനത്തിൽ കുറ്റപ്പെടുത്തി.
ക്രൈസ്തവർ നേരിടുന്ന നീതിനിഷേധവും അവഗണനയും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2020 നവംബർ അഞ്ചിനാണ് സർക്കാർ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ അംഗങ്ങളായും കമീഷനെ നിയോഗിച്ചത്. ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ജീവനോപാധികൾ എന്നിവ സംബന്ധിച്ച് അഞ്ചു ലക്ഷത്തോളം പരാതികളും നിർദേശങ്ങളും കമീഷന് ലഭിച്ചു.
500 ശിപാർശകളടങ്ങിയ റിപ്പോർട്ട് ഈ വർഷം മേയ് 17നാണ് സർക്കാറിന് സമർപ്പിച്ചത്. എന്നാൽ, നാലു മാസത്തിലധികം പിന്നിട്ടിട്ടും തുടർനടപടിയെടുക്കുകയോ വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ എന്തൊക്കെയാണെന്നോ അവയിൽ എന്ത് നടപടി സ്വീകരിച്ചെന്നോ പറയാത്തതിന് പിന്നിൽ ക്രൈസ്തവരോടുള്ള ഇടതു സർക്കാറിന്റെ അവഗണനയാണെന്നും കത്തോലിക്ക സഭ പ്രസിദ്ധീകരണം കുറ്റപ്പെടുത്തി. എന്നാൽ, റിപ്പോർട്ട് ആഭ്യന്തര വകുപ്പിൽനിന്ന് ന്യൂനപക്ഷക്ഷേമ വകുപ്പിലേക്ക് കൈമാറിയെന്നാണ് സർക്കാർതലത്തിൽനിന്നുള്ള വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.