ജെ.സി ഡാനിയേൽ പുരസ്ക്കാരം പി. ജയചന്ദ്രന്
text_fieldsതിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനക്കുള്ള 2020 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന് പി. ജയചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാന് അറിയിച്ചു. സംസ്ഥാന സര്‍ക്കാറിെൻറ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ്.
അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്ക്കുന്ന പി. ജയചന്ദ്രന് മലയാള ചലച്ചിത്ര സംഗീതത്തിെൻറ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന് ചെയര്‍മാനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാരസമര്‍പ്പണം ഡിസംബര്‍ 23ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
56 വര്‍ഷം മുമ്പ് 1965ല്‍ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ചിത്രത്തില്‍ പി. ഭാസ്കരെൻറ രചനയായ 'ഒരു മുല്ലപ്പൂമാലയുമായ്' എന്ന ഗാനം ചിദംബരനാഥിെൻറ സംഗീതത്തില്‍ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന് വിവിധ ഭാഷകളിലായി പതിനായിരത്തില്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.