മണ്ണ് മാന്തി യന്ത്രം: പാലക്കാട് കലക്ടർ ഡോ.എസ് ചിത്രയുടെ കസേര ഇളക്കിയോ?
text_fieldsപുതിയ കലക്ടർ ജി. പ്രിയങ്കയും മുൻ കലക്ടർ ഡോ.എസ്. ചിത്രയും
കോഴിക്കോട്: പാലക്കാട് പുതിയ കലക്ടറായി സാമൂഹ്യനീതി ഡയറക്ടർ ജി. പ്രിയങ്കയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. മുൻകലക്ടർ ഡോ.എസ്. ചിത്ര അവധിയിൽ പ്രവേശിച്ചതിനെ പകരമായാണ് നിയമനം. അട്ടപ്പാടിയിലെ പരിസ്ഥിതി ദുർബല മേഖലയിൽ വ്യാപക നടന്ന കുന്നിടിക്കലിൽ ഇടപെട്ടത് ഡോ.എസ്. ചിത്രക്ക് തിരിച്ചടിയായെന്നാണ് അട്ടപ്പാടിയിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കലക്ടറുടെ പല നടപടികളും രാഷ്ട്രീയ നേതൃത്വത്തിന്റെ അസംതൃപ്തിക്ക് കാരണമായെന്നാണ് രാഷ്ട്രീയ കേന്ദ്രത്തിൽ അടക്കം പറയുന്നത്. അട്ടപ്പാടിയിൽ പരിസ്ഥിതി ദുർബല മേഖലയിൽ വ്യാപക കുന്നിടിക്കൽ നടക്കുന്നുവെന്ന് ആദിവാസി ആക്ഷൻ കൗൺസിലാണ് പരാതിപ്പെട്ടത്. പരിസ്ഥിതിലോല പ്രദേശത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിച്ച് നിരപ്പാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ആക്ഷൻ കൗൺസിൽ പുറത്ത് വിട്ടിരുന്നു. പാരിസ്ഥിതികമായി വലിയ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് കുന്നിടിക്കൽ നടക്കുന്നതെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കി.
സ്വകാര്യ വ്യക്തികൾ പരിസ്ഥിതിലോല പ്രദേശമാണെന്നത് പരിഗണിക്കാതെയാണ് ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ വൻതോതിൽ കുന്നുകൾ ഇടിച്ച് നിരത്തിയത്. പാടവയൽ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ ഇതിനെല്ലാം കൂട്ടുനിൽക്കുകയാണെന്നും ആദിവാസികൾ ആരോപിച്ചിരുന്നു. പരാതി ലഭിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ ഈ പ്രദേശത്തേക്ക് എത്തിയില്ല. പരിസ്ഥിതി നിയമവും ചട്ടവുമെല്ലാം അട്ടിമറിച്ചാണ് കുന്നിടിക്കൽ തുടരുന്നതെന്ന ആക്ഷേപം ശക്തമായി.
പരാതി ശ്രദ്ധയിൽപ്പെട്ട കലക്ടർ ഡോ.എസ്. ചിത്ര ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടു. കുന്നിടക്കാൻ ഉപയോഗിച്ച മണ്ണ് മാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. തുടർന്ന് ഒരു മന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെട്ട് മണ്ണ് മാന്തി യന്ത്രങ്ങൾ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പരസ്യമായ രഹസ്യം. മണ്ണ് മാന്തി യന്ത്രം വിട്ടു നൽകാൻ തയാറാകാത്ത കലക്ടറുടെ നടപടി രാഷ്ട്രീയ നേതൃത്വത്തെ ചൊടിപ്പിച്ചു. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കലക്ടർ എസ്. ചിത്രയുടെ കസേര തെറിക്കുമെന്ന് അട്ടപ്പാടിയിലെ ഇടതു രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ കലക്ടറെ നിയമിച്ച് ഉത്തരവായത്.
കുന്നിടിക്കൽ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാനിരിക്കെയാണ് കലക്ടറെ മാറ്റിയത്. ആദിവാസികളുടെ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് പരാതിയിന്മേലും കലക്ടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കലക്ടർ ആദിവാസികളുടെ പ്രത്യേക യോഗം വിളിച്ച് ചർച്ച നടത്തിയിരുന്നു. കലക്ടർ ആദിവാസികൾക്കൊപ്പമാണെന്ന് ഉറപ്പും നൽകി. ഗയിക നഞ്ചിയമ്മ, മല്ലീശ്വരി, സുപ്രീംകോടതി വിധിയായ പൊന്നിയുടെ ഭൂമി തിരിച്ചുപിടിക്കൽ തുടങ്ങി കേസുകളിൽ നടപടി സ്വീകരിക്കാനിരിക്കെയാണ് കലക്ടറെ മാറ്റിയത്.
അട്ടപ്പാടിയിൽ ആദിവാസികളുടെ നീതി ഉറപ്പാക്കാൻ റവന്യൂ ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗത്തിനും താൽപ്പര്യമില്ല. ഇവർ ഒന്നടങ്കം കലക്ടർക്ക് എതിരായി. ഭൂമി കച്ചവടക്കാരെ സഹായിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇടപെടൽ നടത്തിയെന്നാണ് ആദിവാസികൾ പറയുന്നത്. ഏതാണ്ട് രണ്ട് വർഷമായി ഡോ.എസ്. ചിത്ര പാലക്കാട് കലക്ടറായി ചുമതല ഏറ്റെടുത്തിട്ട്. അതിനാൽ കലക്ടറുട സ്ഥാന ചലനം സ്വാഭാവികമെന്ന് സർക്കാരിനും വാദിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.