ക്ഷീരകര്‍ഷകരുടെ ഇന്‍സെന്റീവ് കുടിശികവിതരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് ജെ. ചിഞ്ചുറാണി
text_fieldsകോഴിക്കോട് : പാല്‍ സബ്സിഡിയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് കുടിശിക തുകയുടെ വിതരണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വെള്ളനാട് ബ്ലോക്കുതല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇന്‍സെന്റീവ് വൈകാന്‍ കാരണം.
സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിലെ കര്‍ഷകര്‍ക്ക് 95 ശതമാനം സബ്‌സിഡിയോടെ പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകയായ കബിന സുസ്മിതയ്ക്ക് മന്ത്രി പുരസ്‌കാരം നല്‍കി. ജി. സ്റ്റീഫന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു.
ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാറുകള്‍, വിവിധതരം കാലിത്തീറ്റ, മരുന്നുകള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ക്ഷീരവികസന വകുപ്പ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ, ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ ഗ്രാമപഞ്ചായത്തുകള്‍, മില്‍മ, കേരള ഫീഡ്സ് ആത്മ, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, സഹകരണ ബാങ്കുകള്‍, എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്.
പരിപാടിയില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.