ജെ.ഡി.എസ് എൻ.ഡി.എയിലോ എൽ.ഡി.എഫിലോ? കുരുക്കഴിക്കാൻ കുറുക്കുവഴി
text_fieldsതിരുവനന്തപുരം: ജെ.ഡി.എസ് ദേശീയനേതൃത്വം എൻ.ഡി.എ ഘടകകക്ഷിയാവുകയും കേന്ദ്രമന്ത്രിസഭയിൽ പങ്കാളിയാകുകയും ചെയ്തതോടെ വെട്ടിലായ കേരള ഘടകം രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ കുറുക്കുവഴി നീക്കത്തിലേക്ക്. കേരളത്തിൽ പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് നിലവിലെ കുരുക്കഴിക്കാനും രാഷ്ട്രീയ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാനുമാണ് ശ്രമം. സംസ്ഥാന നിയമസഭയിൽ ഒരു മന്ത്രിയും എം.എൽ.എയുമുള്ള സാഹചര്യത്തിൽ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചാൽ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യതയുണ്ടാകുമെന്നതിലാണ് പുതിയ പാർട്ടി രൂപവത്കരിക്കാൻ ചൊവ്വാഴ്ച ചേർന്ന സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ‘എൻ.ഡി.എയിലെ ഘടകകക്ഷി, പിണറായി വിജയൻ മന്ത്രിസഭയിലും’ എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയനീക്കം.
എന്നാൽ, പാർട്ടി എന്ന് രജിസ്റ്റർ ചെയ്യുമെന്നോ, പാർട്ടിയുടെ പേര് എന്താണെന്നോ വ്യക്തമാക്കാൻ സംസ്ഥാന ഭാരവാഹികളായ മാത്യു ടി. തോമസോ കെ. കൃഷ്ണൻകുട്ടിയോ തയാറായില്ല. പാർട്ടി രജിസ്റ്റർ ചെയ്യാൻ ‘ചിലരെ’ ചുമതലപ്പെടുത്തിയെന്നല്ലാതെ ഇവർ ആരെന്നും ഇരുവരും വാർത്തസമ്മേളനത്തിലും വിശദീകരിച്ചില്ല. ജനപ്രതിനിധികളല്ലാത്ത മറ്റേതെങ്കിലും സംസ്ഥാന ഭാരവാഹികളുടെ പേരിൽ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുകയും മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും ഭാരവാഹികളാകാതെ ഇതുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് വിവരം. ജനതാദൾ എന്ന പേരുമുപേക്ഷിക്കും. എം.എൽ.എ സ്ഥാനങ്ങളിൽ നിയമപ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിലേ പുതിയ പാർട്ടിയുടെ ഭാരവാഹികളുമാകൂ.
ചൊവ്വാഴ്ച ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സമാജ്വാദി പാർട്ടിയിൽ ലയിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, തിരക്കിട്ട് ഇത്തരമൊരു നീക്കം വേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.
പാർട്ടി രജിസ്റ്റർ ചെയ്യുന്നതിന് തീരുമാനമെടുത്തെങ്കിലും എസ്.പിയിലേക്കുള്ള ലയന വാതിലുകൾ പൂർണമായും അടച്ചിട്ടില്ല. ഭാവിയിൽ ആവശ്യമെങ്കിൽ അത്തരമൊന്നിന് മടിക്കയില്ലെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി. എന്തായാലും ആർ.ജെ.ഡിയിൽ ലയിക്കാൻ ഉദ്ദേശ്യമില്ല. നിയമസഭ കാലാവധി അവസാനിക്കാൻ അവശേഷിക്കുന്ന രണ്ടു വർഷക്കാലമാണ് കേരള ഘടകത്തിന് മുന്നിലെ വലിയ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.