ജെ.ഡി.എസ് എൽ.ഡി.എഫിൽ തന്നെ; മറ്റ് സംസ്ഥാനങ്ങളുടെ നിലപാട് അറിയാൻ കേരള ഘടകം
text_fieldsകൊച്ചി: ദേശീയ അധ്യക്ഷൻ എൻ.ഡി.എയുമായി സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ പാർട്ടി, മറ്റു പാർട്ടികളുമായി ലയനം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാതെ ജനതാദൾ എസ് സംസ്ഥാന നിർവാഹകസമിതി യോഗം. കർണാടകയടക്കം മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളുടെ നീക്കംകൂടി അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിന് ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ, വൈസ് പ്രസിഡന്‍റ് സി.കെ. നാണു, ജനറൽ സെക്രട്ടറി ജോസ് തെറ്റയിൽ, സംസ്ഥാന സെക്രട്ടറി സഫറുല്ല തുടങ്ങിയവരെ ചുമതലപ്പെടുത്തി.
അതേസമയം, എൻ.ഡി.എയുമായി സഖ്യമുണ്ടാക്കാനുള്ള പ്രഖ്യാപനം തള്ളുന്നുവെന്ന് യോഗത്തിന് ശേഷം സംസ്ഥാന നേതൃത്വം ആവർത്തിച്ചു. ഇടതുപക്ഷ മതേതര കക്ഷികളുമായി കേരളത്തിൽ നാല് പതിറ്റാണ്ടിലധികമായി തുടരുന്ന മുന്നണിബന്ധം മാറ്റമില്ലാതെ തുടരും. സംഘടനാപരമായ തുടർനടപടികൾ യഥാസമയം കൈക്കൊള്ളാൻ കേരളത്തിൽനിന്നുള്ള ദേശീയ ഭാരവാഹികളെ ചുമതലപ്പെടുത്തി.
ഒരു യോഗവും ചേരാതെയും ആലോചനകൾ നടത്താതെയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചത് സംഘടനാതത്ത്വങ്ങളുടെ ലംഘനമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഘടകങ്ങൾ എങ്ങനെയാണ് ഈ തീരുമാനത്തോട് പ്രതികരിക്കുന്നതെന്ന് അറിഞ്ഞ ശേഷം തുടർനടപടികളിലേക്ക് കടക്കും. അന്തിമ തീരുമാനം ഇപ്പോൾ പ്രഖ്യാപിക്കാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മറ്റു പാർട്ടികളിൽ ലയിക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ല. ഒരു പാർട്ടിയിലും ഒരിക്കലും ലയിക്കില്ലെന്ന് അല്ല അതിനർഥം. 11ന് വീണ്ടും സംസ്ഥാന ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേരും. അപ്പോൾ വീണ്ടും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.