വടകരയില്‍ സ്ഥാനാര്‍ഥിത്വത്തിനായി സോഷ്യലിസ്റ്റ് പിടിവലി
text_fieldsവടകര: നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തി നില്‍ക്കെ വടകരയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച മുറുകുന്നു. ഇത്തവണ വടകര മണ്ഡലം ഇടത് ഘടകകക്ഷികളായ എല്‍.ജെ.ഡിക്കോ ജെ.ഡി.എസിനോ, ആർക്ക് ലഭിക്കുമെന്ന ചോദ്യങ്ങളാണ് സജീവം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതോടെത്തന്നെ ഇടത്, ഘടകകക്ഷികളില്‍ ചര്‍ച്ച ഉയർന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിെൻറ ഭാഗമല്ലാതിരുന്ന എല്‍.ജെ.ഡി തിരിച്ചെത്തിയതാണ് വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ കുഴക്കുന്നത്. കാരണം, ഇരു സോഷ്യലിസ്റ്റ് കക്ഷികളുടെയും ശക്തികേന്ദ്രമാണ് വടകര നിയോജക മണ്ഡലം.
ജില്ലയില്‍തന്നെ സോഷ്യലിസ്റ്റ് വേരോട്ടമുള്ള വടകര നഗരസഭ, ഏറാമല, അഴിയൂര്‍, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് വടകര മണ്ഡലം. 2008ല്‍ സി.പി.എമ്മിലെ ഒരു വിഭാഗം ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തില്‍ ആര്.എം.പി.ഐ രൂപവത്കരിച്ചതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമാകുന്നത്.
ആര്.എം.പി.ഐ സാന്നിധ്യമുള്ള ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലം ഇടതിനൊപ്പംതന്നെ നിന്നു. ജെ.ഡി.എസിെൻറ പ്രതിനിധിയായി സി.കെ. നാണുവാണ് ഇരു തെരഞ്ഞെടുപ്പിലും വടകര സ്വന്തമാക്കിയത്. ഇത്തവണ വീണ്ടും സി.കെ. നാണുതന്നെ മത്സരിക്കുമെന്നാണ് ജെ.ഡി.എസ് നല്കുന്ന സൂചന. ഇതിനുപുറമെ, ജെ.ഡി.എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യയുടെ പേരും സജീവമായുണ്ട്.
കഴിഞ്ഞ തവണയും ലോഹ്യയുടെ പേര് സജീവമായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ യു.ഡി.എഫിെൻറ ഭാഗമായി മത്സരിച്ച എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രനും സാധ്യതയുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് വടകരയില്‍ മനയത്ത് ചന്ദ്രന് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ എല്‍.ജെ.ഡിക്കാണ് വടകരയില്‍ സാധ്യതയെന്ന സൂചനയും നല്‍കിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായി വടകര സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സി.കെ. നാണു എം.എല്‍.എയും അഭിപ്രായപ്പെട്ടിരുന്നു.
ഇരു സോഷ്യലിസ്റ്റ് കക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശക്തമാണ്. ഇതു മനസ്സിലാക്കി നേരത്തേ ഇരു കക്ഷികളും ഒന്നിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി ലയനം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, വടകര സീറ്റില്‍ എല്‍.ജെ.ഡി പിടിവാശി കാണിച്ചതാണ് ലയനം നീണ്ടുപോകാനിടയാക്കിയതെന്ന് പറയുന്നു. ബുധനാഴ്ച തൃശൂരില്‍ നടന്ന എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം ജെ.ഡി.എസുമായുള്ള ലയന സാധ്യത തള്ളിക്കളഞ്ഞിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡി ശക്തികേന്ദ്രമായ ഏറാമലയിലുള്പ്പെടെയുണ്ടായ പരാജയം എല്‍.ഡി.എഫിനകത്ത് ചര്‍ച്ചയായിട്ടുണ്ട്. ഇരുകക്ഷികളും തമ്മിലുള്ള പിടിവലിക്കിടെ വടകര സീറ്റ് സി.പി.എം ഏറ്റെടുത്തേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.