നിരോധനാജഞ ലംഘിച്ച് പാർലമെന്‍റ് കവാടം ഉപരോധിച്ച ജെബി മേത്തറും മഹിളാ കോൺഗ്രസുകാരും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് വിജയ് ചൗക്കിൽ സമരം നടത്തുന്നതിനിടയിൽ പാർലമെന്‍റ് കവാടം ഉപരോധിച്ച ജെബി മേത്തറും മഹിളാ കോൺഗ്രസുകാരും അറസ്റ്റിൽ. നൂറോളം മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നിരോധനാജഞ ലംഘിച്ച് പ്രതിഷേധവുമായി പാർലമെന്‍റ് കവാടത്തിലെത്തിയിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് സന്ദർശകർ വരുന്ന പാർലമെന്‍റിലേക്കുള്ള കവാടം അരമണിക്കൂർ നേരം ഉപരോധിച്ച കേരളത്തിൽ നിന്നുള്ള നിയുക്ത രാജ്യസഭാ എം.പിയും മഹിളാ കോൺഗ്രസ് നേതാവുമായ ജെബി മേത്തർ അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
കേരളത്തിൽ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തർ എം.പിയായി സത്യപ്രതിജഞ ചെയ്യാൻ പാർലമെന്‍റിൽ വരുന്നതിന് മുമ്പാണ് പാർലമെന്‍റ് ഉപരോധിച്ച് അറസ്റ്റിലായത്. സെക്ഷന്‍ 144 പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ച മേഖലയിലാണ് പ്രതിഷേധിക്കുന്നതെന്നും പ്രവർത്തകർ ഉടനെ പിരിഞ്ഞുപോകണമെന്നും പൊലീസ് ഓഫീസർമാർ പറഞ്ഞെങ്കിലും മഹിളാ കോൺഗ്രസുകാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.
അപ്രതീക്ഷിതമായി എത്തിയ നൂറോളം മഹിളാ കോൺഗ്രസുകാരെ ഡൽഹി പൊലീസിന് മാറ്റാനാകാതെ വന്നതോടെ ഗേറ്റ് അടച്ച് സന്ദർശകരെ വിലക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥ മൈക്കിലൂടെ ആവശ്യപ്പെട്ടിട്ടും പോകാൻ തയാറാകാതിരുന്ന മഹിളാ കോൺഗ്രസുകാരെ നൂറോളം ധ്രുതകർമസേനാംഗങ്ങളെ വിളിച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റിലായവരെ പാർലമെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.