'താനൊരു എളിയ പ്രവർത്തക' ഷാനിമോളുടെ പരിഹാസത്തിന് ജെബി മേത്തറിന്റെ മറുപടി
text_fieldsതിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍ എം.പി. താനൊരു എളിയ പ്രവര്‍ത്തക മാത്രമാണ് എന്നും പാര്‍ട്ടിയേല്‍പ്പിച്ച ജോലി ചെയ്യുമെന്നുമാണ് ജെബി മേത്തറിന്റെ മറുപടി. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. അതിനാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.
താൻ അച്ചടക്കമുളള പാർട്ടി പ്രവർത്തകയാണ്. മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. സമിതിയിലെ ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ പറഞ്ഞു.
ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്നും വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നുമാണ് ഷാനിമോൾ ഉസ്മാന്‍ ഇന്നലെ രാഷ്ട്രീയകാര്യ സമിതിയില്‍ പരിഹസിച്ചത്. തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് തോന്നുന്ന തരത്തിലായിരുന്നു പ്രസംഗം. വിപ്ലവകരമായ തീരുമാനത്തിലൂടെ വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കൾക്ക് അഭിനന്ദനം. ഇത് ദേശീയതലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവർത്തകയെയാണ് രാജ്യസഭയിൽ എത്തിച്ചതെന്ന് ഷാനിമോൾ പറഞ്ഞതോടെയാണ് വാക്കുകളിലെ മുന നേതാക്കൾ തിരിച്ചറിഞ്ഞത്.
റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്ന് കൂടി ഷാനിമോൾ പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാർഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കൾക്ക് അഭിനന്ദനം ഒരിക്കൽ കൂടി അറിയിച്ചാണ് ഷാനിമോൾ വിഷയം അവസാനിപ്പിച്ചത്. എന്നാൽ ഷാനിമോളുടെ പരിഹാസത്തിന് ആരും മറുപടി പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.