മക്കിമലക്ക് കണ്ണീരോണം; അവർ മടങ്ങി
text_fieldsമാനന്തവാടി: തൊഴിലിടത്തിലും താമസസ്ഥലത്തും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരുടെ മടക്കയാത്രയും ഒരുമിച്ച്. നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയാണ് അവർ ഈ ഓണക്കാലത്ത് വിടവാങ്ങിയത്. കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച മക്കിമല ആറാംനമ്പർ സ്വദേശികളായ കൂളൻതൊടി ലീല (60), ശോഭന (60), റാബിയ (58), ശാന്ത (61), കാർത്യായനി (65), ഷാജ (38), ചിത്ര (32), ചിന്നമ്മ (59), കാപ്പാട്ടുമല സ്വദേശിനി റാണി (58) എന്നീ ഒമ്പതു തോട്ടം തൊഴിലാളികൾക്കും നാട് വിടനൽകി. ഇവരുടെ ഇൻക്വസ്റ്റ് നടപടി വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയാക്കിയിരുന്നു.
മാനന്തവാടി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ശനിയാഴ്‌ച രാവിലെ എട്ടു മണിയോടെ പോസ്റ്റ്മോർട്ടം നടത്തി. നടപടികൾ പൂർത്തിയായതോടെ ഉച്ചക്ക് പന്ത്രണ്ടേകാലോടെ ഒമ്പതു പേരുടെയും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു. ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പ്രധാന ടൗണുകളിൽ കാത്തുനിന്നത്. ഒരു മണിയോടെ മക്കിമല ഗവ. എൽ.പി സ്കൂൾ മുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു.
ഒന്നേകാലോടെ സംസ്ഥാന സർക്കാറിനുവേണ്ടി വനം മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രിക്കായി എ.ഡി.എം എൻ.ഐ. ഷാജുവും രാഹുൽ ഗാന്ധി എം.പിക്കായി ടി. സിദ്ദീഖ് എം.എൽ.എയും എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി എന്നിവരും റീത്ത് സമർപ്പിച്ചു.
തുടർന്ന് നിരവധി പേരാണ് അന്തിമോപചാരമർപ്പിച്ചത്. രണ്ടരയോടെ പൊതുദർശനം അവസാനിപ്പിച്ചശേഷവും നിരവധി പേരാണ് ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അന്തിമോപചാരമർപ്പിച്ചതിനു പിന്നാലെ മൃതദേഹങ്ങൾ ആംബുലൻസുകളിലേക്കു കയറ്റി. ആദ്യം റാണിയുടെ മൃതദേഹം കാപ്പാട്ടുമലയിലേക്ക് കൊണ്ടുപോയി വീട്ടുവളപ്പിൽ സംസ്കരിച്ചു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ മക്കിമല ആറാം നമ്പർ കോളനിയിൽ എത്തിച്ചു. സമുദായ ആചാരചടങ്ങുകൾക്കുശേഷം ലീല, ശോഭന, കാർത്യായനി, ഷാജ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടുവളപ്പിലും ശാന്ത, ചിത്ര എന്നിവരുടേത് പൊതുശ്മശാനത്തിലും ചിന്നമ്മയുടേത് ശിലേരി ശാന്തികവാടത്തിലും സംസ്കരിച്ചു. റാബിയയുടേത് മക്കിമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.