കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് താങ്ങേകുന്ന ജീവനം പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവർക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ 'ജീവനം' സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലാണ് ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ വിവിധ കോടതികള്‍ മുഖേന 2018ല്‍ 88 കുറ്റവാളികളേയും 2019ല്‍ 118 കുറ്റവാളികളേയുമാണ് പ്രൊബേഷന്‍ ഓഫിസര്‍മാരുടെ നിരീക്ഷണത്തിന് കീഴില്‍ നല്ലനടപ്പിന് വിട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
കുറ്റകൃത്യത്തിന് ഇരയായി ഗൃഹനാഥന്‍ കൊല്ലപ്പെടുകയോ ഗുരുതരപരിക്ക് ഏല്‍ക്കുകയോ ചെയ്യുന്നതുമൂലം കുടുംബത്തിെൻറ ഉപജീവന മാര്‍ഗമില്ലാതാകും. അത്തരക്കാരെ സഹായിക്കാനാണ് സാമൂഹ്യനീതി വകുപ്പ് ജില്ല ഭരണകൂടത്തിെൻറ പിന്തുണയോടെ ജീവനം പദ്ധതി ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. ജീവനം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി 2020-21 വര്‍ഷം കുറ്റകൃത്യത്തിന് ഇരയായ 50 പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താൻ 4.44 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിട്ടുണ്ട്. നല്ലനടപ്പില്‍ വിടുതല്‍ ചെയ്യപ്പെട്ടവര്‍ക്കും മുന്‍തടവുകാര്‍ക്കും തടവുകാരുടെ നിര്‍ധനരായ ആശ്രിതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താൻ സാമൂഹ്യ നീതിവകുപ്പ് 15,000 രൂപ ധനസഹായം നല്‍കുന്നുണ്ട്.
കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി പ്രതിമാസം 300 രൂപ മുതല്‍ 1500 രൂപ വരെയും നല്‍കുന്നുണ്ട്. കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതരും ഗുരുതര പരിക്ക് പറ്റിയവരുള്‍പ്പടെ ഉപജീവനത്തിന് പ്രയാസം അനുഭവിച്ച 26 ഗുണഭോക്താക്കള്‍ക്ക് തയ്യല്‍ തൊഴില്‍ യൂനിറ്റും ആട് വളര്‍ത്തലും ആരംഭിക്കാനാണ് ആദ്യഘട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് ധനസഹായം കണ്ടെത്തിയത്.
കൂടാതെ കുറ്റകൃത്യത്തിന് ഇരയായ ഒരാള്‍ക്ക് ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് സബ്‌സിഡി നിരക്കില്‍ ഡയറി യൂനിറ്റും ലഭ്യമാക്കിയിട്ടുണ്ട്. തയ്യല്‍ തൊഴില്‍ യൂനിറ്റ് ആരംഭിക്കാൻ 8600 രൂപയും ആട് വളര്‍ത്തലിന് 8000 രൂപയുമാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ക്രിമിനോളജി വിഭാഗം മേധാവി പ്രൊഫ. വിജയരാഘവന്‍, ജില്ല സാമൂഹ്യനീതി ഓഫിസര്‍ ഇന്‍ ചാര്‍ജ് ജാഫര്‍ ഖാന്‍, ജില്ല പ്രൊബേഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.