ഗോവയിൽ രണ്ടു വർഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
text_fieldsകൊച്ചി: ഗോവയിൽ 2021ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയിൽ നിന്ന് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ ജെഫ് ജോൺ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറിൽ കാണാതായ ജെഫ് ജോൺ ഗോവയിൽ ആ മാസംതന്നെ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
കേസിൽ കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽ ചാക്കോ (28), വയനാട് വൈത്തിരി പരരിക്കുന്ന് മുട്ടിൽ നോർത്ത് ടി.വി. വിഷ്ണു (25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ് (24), സുൽത്താൻ ബത്തേരി സ്വദേശി താഴമുണ്ട മണിക്കുന്ന് മുത്തപ്പൻ (27), താഴമുണ്ട കേശവൻ (21) എന്നിവർ അറസ്റ്റിലായിരുന്നു. ലഹരി, സാമ്പത്തിക ഇടപാട് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്.
തിരോധാനത്തിന് രണ്ടു വര്‍ഷത്തിനു ശേഷമാണ് അന്വേഷണത്തിലൂടെ പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുവര്‍ഷം മുമ്പ് ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നില്‍നിന്ന് കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടർന്ന് അഞ്ജുന പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഡി.എന്‍.എ സാമ്പിളുകളും ഫോട്ടോഗ്രാഫുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൂക്ഷിച്ചശേഷം മൃതദേഹം സംസ്‌കരിച്ചു.
സംഭവത്തിന്‍റെ ചുരുളഴിഞ്ഞതോടെ ജെഫിന്‍റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിച്ച് പൊലീസ് പരിശോധനക്ക് അയച്ചിരുന്നു. ബന്ധുക്കളുടെ ഡി.എന്‍.എയും മൃതദേഹത്തിന്‍റെ ഡി.എന്‍.എയും ഒന്നുതന്നെയെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ കുറ്റപത്രം തയാറാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസിലെ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.