സി.ബി.എസ്.ഇ 12ാം ക്ലാസ്; കർണാടകയിൽ ഒന്നാം സ്ഥാനം മലയാളിയായ ജെഫിൻ ബിജുവിന്
text_fieldsബംഗളൂരു: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കർണാടകയിൽ ഒന്നാമതെത്തി മലയാളിയായ ജെഫിൻ ബിജു. 500ൽ 493 മാർക്ക് നേടിയാണ് ജെഫിൻ ബിജുവും ബംഗളൂരു സ്വദേശിനിയായ അനന്യ ആർ. ബുർലിയും ഒന്നാം സ്ഥാനം പങ്കിട്ടത്. എറണാകുളം ഉദയംപേരുർ തൃപ്പൂണിത്തുറ കറുകപ്പിള്ളിൽ ബിജു ജോസഫിെൻറയും മാള വടക്കൻ കുടുംബാംഗമായ ഡിംപിൾ ബിജുവിെൻറയും ഇളയമകനാണ് ബംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്നോ സ്കൂളിലെ വിദ്യാർഥിയായ ജെഫിൻ ബിജു.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇൻഫോർമാറ്റിക് പ്രാക്ടീസ് എന്നീ വിഷയങ്ങളിലായി 98.6 ശതമാനം മാർക്ക് നേടിയാണ് സംസ്ഥാനത്ത് ജെഫിൻ ബിജു ഒന്നാം സ്ഥാനത്തെത്തിയത്. ഐ.ഐ.ടി മദ്റാസിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജീനിയറിങ് വിദ്യാർഥിയായ സഹോദരൻ എമിൽ ബിജുവിൻെറ പാത പിന്തുടർന്നുകൊണ്ട് ഐ.ഐ.ടി മദ്റാസിൽ തന്നെ കമ്പ്യൂട്ടർ സയൻസിൽ ബിരുദവും പിന്നീട് ബിരുദാനന്ദര ബിരുദവും എടുക്കണമെന്നതാണ് ജെഫിൻ ബിജുവിെൻറ ആഗ്രഹം.
അഖിലേന്ത്യാതലത്തിൽ ജെ.ഇ.ഇയിൽ 335 റാങ്ക് നേടിയ ജെഫിൻ ഈ വരുന്ന 27ന് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള ഒരുക്കത്തിലാണ്. പത്തുവർഷമായി ബംഗളൂരുവിലെ മുരുഗേഷ് പാളയയിൽ കഴിയുന്ന ബിജു ജോസഫ് ജി.ഇ ഹെൽത്ത് കെയർ കമ്പനിയിലെ ട്രെയിനി ഹെഡാണ്.
ബംഗളൂരുവിൽ എൻജീനിയറിങ് കോളജ് ലക്ച്ചററായിരുന്ന ഡിംപിൽ ബിജു മക്കളെ പഠനത്തിൽ സഹായിക്കുന്നതിനായി ജോലി രാജിവെക്കുകയായിരുന്നു. മാതാപിതാക്കളുടെയും ജേഷ്ഠൻ എമിൽ ബിജുവിെൻറയും പിന്തുണയാണ് ഉയർന്ന മാർക്ക് വാങ്ങാൻ സഹായകമായതെന്ന് ജെഫിൻ ബിജു പറഞ്ഞു.
കമ്പ്യൂട്ടർ സയൻസിലെ പഠനത്തിനുശേഷം കൃത്രിമ ബുദ്ധിയെക്കുറിച്ച് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) വിദേശത്തുപോയി ഗവേഷണം നടത്തി ഉന്നതങ്ങളിലെത്തണമെന്നതാണ് ജെഫിെൻറ സ്വപ്നം. പഠനത്തിൽ ജേഷ്ഠൻ എമിൽ ബിജുവാണ് തൻെറ പ്രചോദനമെന്നും കഴിഞ്ഞ അഞ്ചുവർഷമായി ജെ.ഇ.ഇ പരീക്ഷക്കായി പരിശീലനം നടത്തികൊണ്ടിരിക്കുകയാണെന്നും ജെഫിൻ പറഞ്ഞു.
പഠനത്തിെൻറ ഇടവേളകളിൽ പാട്ടുകേൾക്കുകയും നോബേൽ സമ്മാന ജേതാക്കളുടെ ഉൾപ്പെടെ പ്രശസ്തരുടെ പ്രസംഗങ്ങളും മറ്റും കേൾക്കുകയും ചെയ്യും. ഫേയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലാത്തതും പരീക്ഷയിലും പഠനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞു. ദിവസും ആറുമുതൽ എട്ടുമണിക്കൂർ വരെ ജെഫിൻ പഠിച്ചിരുന്നുവെന്നും ഉയർന്ന മാർക്ക് നേടണമെന്ന ഉറച്ച ലക്ഷ്യബോധമാണ് ജെഫിനെ ഈ നേട്ടത്തിന് അർഹനാക്കിയതെന്നും പിതാവ് ബിജു ജോസഫ് പറഞ്ഞു.
ഹുളിമാവ് ബി.ജി.എസ് നാഷനൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയും ബംഗളൂരു അരെകരെ സ്വദേശിയായ രഘു ബുർലിയുടെയും വിജുത ബുർലിയുടെയും മകളാണ് ജെഫിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട അനന്യ ആർ ബുർലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.