യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥന സംഗമങ്ങള്‍ നിര്‍ത്തി
text_fieldsകൊച്ചി: വിവിധ സ്ഥലങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രാര്‍ഥനാ സംഗമങ്ങള്‍ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയതായി യഹോവയുടെ സാക്ഷികള്‍. കേരളം, തമിഴ്നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ നടത്താനിരുന്ന പ്രാര്‍ഥനാ കൂട്ടായ്മയായ കിങ്ഡം ഹാള്‍സ് (രാജ്യ ഹാൾ) താത്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് വിശ്വാസി സമൂഹത്തിന്റെ ഇന്ത്യാ ഘടകം നിര്‍ദേശം നല്‍കിയത്.
പകരം ഓണ്‍ലൈനായി പ്രാര്‍ഥനാ കൂട്ടായ്മ സംഘടിപ്പിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതി വിലയിരുത്തി പ്രാര്‍ഥന സംഗമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും. കളമശ്ശേരിയിൽ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് രാജ്യഹാളുകൾ ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് യഹോവയുടെ സാക്ഷികളുടെ പ്രതിനിധി അറിയിച്ചു.
പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവയുടെ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്.
അതിനിടെ, സ്ഫോടനമുണ്ടായ കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്റർ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും മൊബൈൽ ഫോൺ ഉൾപ്പെടെ മറ്റ് വസ്തുക്കളും ഉടമകൾക്ക് തിരികെ നൽകാൻ തുടങ്ങി. സംഭവത്തെത്തുടർന്ന് കൺവെൻഷൻ സെന്റർ പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. നൂറുകണക്കിന് കാറുകളും ബൈക്കുകളുമാണ് ഇവിടുത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്നത്.
പരിഭ്രാന്തരായി പുറത്തേക്ക് ഓടിയവരുടെ മൊബൈൽ ഫോണുകളും ബാഗുകളും അടക്കം ഹാളിനകത്തും പരിസരങ്ങളിലുമായി ചിതറിക്കിടന്നിരുന്നു. രേഖകളുമായി എത്തുന്നവർക്ക് വാഹനങ്ങളും വിട്ടുനൽകിത്തുടങ്ങി. മറ്റുള്ളവ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ഉടമകൾക്ക് കൈമാറും. യഥാർഥ ഉടമകളെ കണ്ടെത്താൻ പരിപാടിയുടെ മേഖല മേധാവി തോമസ് ജോണിനെ പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.