ജെറോം സനാഥത്വത്തിലേക്ക്; വെള്ളിയാഴ്ച ഇറ്റലിയിലേക്ക് പറക്കും
text_fieldsതിരുവനന്തപുരം: അഞ്ച് വർഷം മുമ്പാണ് മൂന്നുമാസം പ്രായമായ ജെറോം തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാരുടെ കൈയിലേക്ക് എത്തിയത്. ഇടുക്കിയിലെ ശിശുപരിചരണ കേന്ദ്രത്തിൽനിന്ന് വിദഗ്ദ ചികിത്സക്കും പരിചരണത്തിനുമാണ് എത്തിച്ചത്. നിലവിൽ തിരുവനന്തപുരം മോഡൽ എൽ.പി സ്കൂളിലെ മിടുക്കനായ ഒന്നാം ക്ലാസ് വിദ്യാർഥി.
ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തതോടെ ജെറോം കേരളം വിടുകയാണ്. ഇറ്റലിയിൽ മിലാന് സമീപം സോവിക്കോയിലെ സെർജിയോ മരിനോ, ലൂസിയ കസാക് സിക്ക ദമ്പതികൾ ഒരു വർഷം മുമ്പാണ് ഇന്ത്യയിൽനിന്ന് ദത്തെടുക്കാനായി ഓൺലൈൻ അപേക്ഷ നൽകിയത്. അവർക്ക് മുൻഗണന പ്രകാരം ലഭിച്ചത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വളർത്തു പുത്രൻ ജെറോമിനെയായിരുന്നു. ഇതുവരെ ജെറോമിനെ കാണൽ വിഡിയോ കാൾ വഴിയായിരുന്നു.
നിയമപരമായ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് നേരിൽ കാണാൻ എത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ച. സമിതി അങ്കണത്തിലെ പാർക്കിൽ ഊഞ്ഞാലാട്ടിയും കളിപ്പിച്ചും രണ്ടു ദിവസം കൊണ്ട് പ്രിയപ്പെട്ടവരായി മൂവരും. വിജയദശമി ദിനത്തിൽ സമിതി സംഘടിപ്പിച്ച അക്ഷര വെളിച്ചം ചടങ്ങിൽ വെച്ചാണ് ജെറോമിനെ ഇറ്റാലിയൻ ദമ്പതികൾക്കൊപ്പം യാത്രയാക്കി.
നിലവിലെ പേര് മാറ്റില്ലെന്നും തങ്ങളുടെ കുടുംബം കുറേ നാളായി ജെറോമിന് വേണ്ടി കാത്തിരിക്കുകയാണെന്നും സെർജിയോ- ലൂസിയ ദമ്പതികൾ പറഞ്ഞു. സെർജിയോ ഇറ്റലിയിലെ കോൺഫിൻസ്ട്രിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരനും ലൂസിയ സ്വന്തമായി കോസ്മെറ്റിക് സ്ഥാപനം നടത്തുകയുമാണ്. വ്യാഴാഴ്ച മുംബൈയിലേക്ക് പോകുന്ന കുടുംബം വെള്ളിയാഴ്ച ജെറോമുമായി ഇറ്റലിയിലേക്ക് പറക്കും. ഈ വർഷം വിദേശത്തേക്ക് പോകുന്ന പത്താമത്തെ കുട്ടിയും ഇറ്റലിയിലേക്ക് പോകുന്ന നാലാമത്തെ കുട്ടിയുമാണ് ജെറോം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.