ജെറിയുടെ അവയവങ്ങൾ ആറുപേർക്ക് ജീവിതത്തിൽ വെളിച്ചമാകും
text_fieldsറാന്നി: വാഹനാപകടത്തില്‍ മരണപ്പെട്ട റാന്നി സ്വദേശിയായ ജെറി വർഗീസിൻ്റെ അവയവങ്ങൾ ഇനി ആറു പേരുടെ ജീവിതത്തിന് വെളിച്ചമേകും. റാന്നി വൈക്കം കാര്യാട്ട് വർഗീസിൻ്റെ (രാജു) മകനാണ് ജെറി വർഗീസ്. തിരുവനന്തപുരം മണ്ണന്തലയില്‍ സ്ഥിര താമസമായിരുന്ന ജെറി കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
മരണശേഷവും തന്‍റെ ഭര്‍ത്താവ് മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ഭാര്യ ലിന്‍സിയുടെ ആഗ്രഹമാണ് അവയവദാനത്തിലൂടെ സഫലമായത്. ലിന്‍സിയുടെ ആഗ്രഹം അറിഞ്ഞതോടെ ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ എച്ച്.വി. ഈശ്വര്‍ ആണ് ഇതിനുള്ള വഴി ഒരുക്കിയത്. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന ജെറിയുടെ ആഗ്രഹമാണ് അവയവദാനത്തിലൂടെ ലിന്‍സി നടപ്പിലാക്കിയത്. ലിന്‍സിയുടെ ആഗ്രഹം ജെറിയുടെ മാതാപിതാക്കളും അംഗീകരിക്കുകയായിരുന്നു.രണ്ടു വയസുകാരി ജെലീനയാണ് മകള്‍.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സക്കിടെ ജെറിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. കരളും ഒരു വൃക്കയും കിംസിലെ രണ്ടു രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങള്‍ ഗവ.കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്. ഹൃദയവാല്‍വ് ശ്രീചിത്രയിലെ വാല്‍വ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്നു.
ജെറി തിരുവനന്തപുരത്ത് ഫാർമസിക്യൂട്ടിക്കൽ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരികെയാണ് അപകടം. ഡോക്ടറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. പിതാവ് രാജു. റാന്നി ഇടക്കുളം ഗുരുകുലം ഹൈസ്കൂൾ പൂർവ വിദ്യാർഥിയാണ്. മാതാവ് ജോളി. ഏക സഹോദരൻ ജോയൽ വർഗീസ് ബാംഗ്ളൂരിൽ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.