ജസ്നയുടെ തിരോധാനം: സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: മൂന്നു വർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്ന മരിയ ജയിംസിെൻറ തിരോധാനം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ജസ്നയെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോൺ, കെ.എസ്.യു നേതാവായ കെ.എം. അഭിജിത്ത് എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. അന്വേഷണ ചുമതല വഹിക്കുന്ന സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിന് മതിയായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായ ജസ്നയെ 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതായത്. ഇതേ ദിവസം എരുമേലിയിൽനിന്ന് മുണ്ടക്കയത്തേക്ക് പോകുന്ന ബസിൽ യാത്ര ചെയ്തതായി കണ്ടവരുണ്ടെന്നും മുണ്ടക്കയത്തെ ചില സി.സി.ടി.വി കാമറകളിൽ നിന്ന് ജസ്നയുടെ ദൃശ്യം ലഭിച്ചതായും കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. എന്നാൽ, ഇതിനുശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജസ്ന വീടു വിട്ടുപോകാനുള്ള കാരണങ്ങളുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസികമായി എന്തെങ്കിലും അലട്ടിയിരുന്നതായി തെളിവില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മരിക്കാൻ പോവുകയാണെന്ന് ജസ്ന മെസേജ് അയച്ചതായി ചിലർ മൊഴി നൽകിയെങ്കിലും സന്ദേശം കണ്ടെടുക്കാൻ കഴിഞ്ഞില്ല. അന്വേഷണത്തിന് ആറു മാസം കൂടി സമയം ക്രൈംബ്രാഞ്ച് തേടുകയും ചെയ്തിരുന്നു.
െവള്ളിയാഴ്ച ഹരജി പരിഗണിക്കവേ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. പൊലീസിെൻറ റിപ്പോർട്ട് പരിശോധിച്ചതിൽനിന്ന് ഗൗരവമേറിയതും സങ്കീർണവുമായ കേസാണെന്ന് മനസ്സിലാക്കാനായെന്നും അന്തർ സംസ്ഥാന ബന്ധം സംശയിക്കുന്നതായും സി.ബി.ഐക്ക് വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വിജയകുമാർ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നും അറിയിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാറിനോട് നിർദേശിക്കണമെന്നും എ.എസ്.ജി ആവശ്യപ്പെട്ടു. തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ജസ്നയെ കാണാതായി മൂന്നുവര്‍ഷം തികയാൻ ഒരുമാസം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.