നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത ജ്വല്ലറിയുടമ അറസ്റ്റിൽ
text_fieldsകയ്പമംഗലം(തൃശൂർ): കച്ചവടത്തിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജ്വല്ലറി ഉടമ അറസ്റ്റിൽ. പെരിഞ്ഞനം മൂന്നുപീടികയിൽ പ്രവർത്തിച്ചിരുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറി ഉടമ മതിലകം തൃപ്പേക്കുളം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ സലീമി (58) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
2008 ൽ ആരംഭിച്ച ജ്വല്ലറിയിലേക്ക് പലരിൽ നിന്നായി സ്വർണവും പണവും ഉൾപ്പെടെ വൻ തുക നിക്ഷേപമായി ഇയാൾ സ്വീകരിച്ചിരുന്നു. ലാഭവിഹിതമായി പണവും, സ്വർണവും നൽകാമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെങ്കിലും പിന്നീട് ഒന്നും നിക്ഷേപകർക്ക് ലഭിക്കാതെയായി. ഇതോടെ നിക്ഷേപിച്ച പണവും സ്വർണവും തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരിൽ ചിലർ സമീപിച്ചെങ്കിലും ബിസിനസ് നഷ്ടമാണെന്ന് കാണിച്ച് തുക നൽകാൻ സലീം തയ്യാറായില്ല.
ഇതിനിടെ 2020 ൽ ജ്വല്ലറിയിൽ മോഷണം നടന്നെന്നും ഭിത്തി തുരന്ന് മൂന്നര കിലോ സ്വർണം കവർന്നെന്നും ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് ജ്വല്ലറിയുടമ ചമച്ച കള്ളക്കഥയാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നിരവധി തവണ പണവും സ്വർണവും തിരികെ കിട്ടാൻ നിക്ഷേപകർ സലീമിനെ സമീപിച്ചെങ്കിലും ജ്വല്ലറിയിൽ മോഷണം നടന്നെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതേ തുടർന്നാണ് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയത്. മലപ്പുറം, തൃശൂർ, എറണാംകുളം ജില്ലകളിൽ നിന്നായി 25 ഓളം പേർ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രവാസികളിൽ നിന്നടക്കം ആയിരക്കണക്കിന് പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും ഇയാൾ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. വർഷാന്തം ലാഭവിഹിതം ആവശ്യപ്പെട്ടവരോട്, ആ തുക കൂടി നിക്ഷേപത്തിലേക്ക് ചേർത്താൽ വൻ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു. ഇങ്ങനെ നിരവധി പേരാണ് വഞ്ചനക്കിരയായത്. ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.എസ്.സുബീഷ് മോൻ, എം.ആർ.കൃഷ്ണപ്രസാദ്, സീനിയർ സി.പി.ഒമാരായ ടി.എം.വഹാബ്, സി.എം.മുഹമ്മദ് റാഫി, പി.കെ.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.