ജ്വല്ലറി കവർച്ച: ചാരിറ്റി യൂട്യൂബർ നിതിൻ നിലമ്പൂരിനെയും കൂട്ടാളികളെയും പിടികൂടിയത് ഗൂർഖ രാജുവിന്റെ സമയോചിത ഇടപെടലിൽ
text_fieldsനരിക്കുനി (കോഴിക്കോട്): സ്വർണക്കടയുടെ പിൻവശത്തെ ചുമർ തുരന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ ചാരിറ്റി പ്രവർത്തകൻ നിതിൻ നിലമ്പൂരിനെയും കൂട്ടാളികളെയും മൽപിടുത്തത്തിലൂടെ പിടികൂടിയ ഗൂർഖ രാജുവിന് അഭിനന്ദനപ്രവാഹം. ചാരിറ്റി യൂട്യൂബർ നിലമ്പൂർ പോത്തുകല്ല് സ്വദേശി എടത്തൊടി വീട്ടിൽ നിതിൻ കൃഷ്ണൻ (26), പരപ്പൻവീട്ടിൽ മുത്തു എന്നറിയപ്പെടുന്ന അമീർ (34), വെളിമണ്ണ ഏലിയപാറമ്മൽ നൗഷാദ് (29), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരാണ് പിടിയിലായത്.
30 വർഷം മുമ്പ് കേരളത്തിലെത്തിയ ധീരനും തന്റേടിയുമായ ഗൂർഖ രാജുവിന്റെ ഇടപെടലാണ് മോഷ്ടാക്കളെ പിടികൂടാൻ വഴിയൊരുക്കിയത്. നരിക്കുനിയിലെ വ്യാപാരസ്ഥാപനങ്ങളുടെ കാവൽക്കാരനായ നേപ്പാൾ സ്വദേശി രാജു, കഴിഞ്ഞദിവസം പുലർച്ചെ രണ്ടിന് നരിക്കുനി എം.സി ജ്വല്ലറിയുടെ പിറകുവശത്തെ ചുമർ തുരന്ന മോഷ്ടാവിനെ സ്വന്തം ജീവൻപോലും പണയംവെച്ച് മൽപിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു.
വിവരം രാജു നരിക്കുനിയിലെ വ്യാപാര സംഘടന ഭാരവാഹികളായ അബ്ദുൽ സലാമിനെയും സത്യനെയും വിളിച്ച് അറിയിച്ചു. അവർ പൊലീസിനെയും കടയുടമയെയും അറിയിച്ചതോടെയാണ് നാട്ടുകാരുടെ ചെവിയിലും ഈ വാർത്തയെത്തിയത്. രാജു അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മോഷണം നടക്കുമായിരുന്നു. മഴയും വൈദ്യുതിതടസ്സവും മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമായിരുന്നു.
രാജു ഈങ്ങാപ്പുഴയിൽനിന്നാണ് വിവാഹം കഴിച്ചത്. രണ്ടു കുട്ടികളാണുള്ളത്. കാവിലുമ്മാരത്ത് താമസിക്കുന്നു. നേരത്തെ നരിക്കുനി ഗൂർഖയായി സേവനം അനുഷ്ഠിച്ചിരുന്നു. ഒരു ഇടവേളക്കുശേഷം നരിക്കുനിയിലെത്തിയ രാജു പത്ത് വർഷത്തോളമായി ഇവിടെയുണ്ട്. രണ്ടു വർഷം മുമ്പ് നരിക്കുനിയിലെ കട കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചവരെ രാജു കീഴടക്കിയപ്പോൾ അവർ രാജുവിനെ കല്ലെറിഞ്ഞ് ആക്രമിച്ച സംഭവവുമുണ്ടായിരുന്നു.
പ്രതികളിലൊരാളായ അമീറിനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് നാൽവർ സംഘത്തിന്റെ ജ്വല്ലറി കവർച്ചയുടെ ചുരുളഴിഞ്ഞത്. തുടർന്ന് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ മേൽനോട്ടത്തിൽ കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സംഭവസ്ഥലത്തുനിന്ന് കാറിൽ കടന്നുകളയുന്നതിനിടെ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുടൂരിൽവെച്ച് കാർ തടഞ്ഞുനിർത്തി അതിസാഹസികമായി പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ നിലമ്പൂർ സ്വദേശി നിതിൻ പ്രമുഖ ചാരിറ്റി പ്രവർത്തകനും വ്ലോഗറുമാണെന്ന് പൊലീസ് പറഞ്ഞു.
ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് കൂടുതൽ അടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയുമായിരുന്നു. കവർച്ചക്കായി മുഖ്യ ആസൂത്രകനായ നിതിൻ ഓൺലൈൻ സംവിധാനമുപയോഗിച്ച് പ്ലാസ്റ്റിക് പിസ്റ്റൾ വാങ്ങിയിരുന്നു. കവർച്ച നടത്താൻ കമ്പിപ്പാര, ഉളി, ചുറ്റിക, സ്ക്രൂഡ്രൈവർ, കൈയുറകൾ, തെളിവ് നശിപ്പിക്കുന്നതിനായി മുളകുപൊടി എന്നിവയും ഇവർ കരുതിയിരുന്നു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു.
കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്.ഐമാരായ പ്രകാശൻ, സാജു, ഷിബു, എ.എസ്.ഐ ലിനീഷ്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, പ്രജീഷ്, ബിനേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീജേഷ്, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.