ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം: അന്തര്‍സംസ്ഥാന കവര്‍ച്ചസംഘം പിടിയില്‍
text_fieldsകളമശ്ശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി നെക്ലേസ് മോഷ്ടിച്ച അന്തർ സംസ്ഥാന മോഷണസംഘം കളമശ്ശേരി പൊലീസ് പിടിയിലായി. മഹാരാഷ്ട്ര പുണെ സിറ്റിയിൽനിന്നുള്ള അശ്വിന് വിജയ് സോളാങ്കി (44), പുണെ സിറ്റി മാർക്കറ്റ് യാർഡ് ജ്യോത്സ്ന സൂരജ് കച്ച് വെയ് (30), സോളാപുർ സ്വദേശിനി സുജിത്ര കിഷോര്‍ സാലുങ്കെ (52), താണെ സ്വദേശിനി ജയ സചിന് ബാദ്ഗുജാര്‍ (42) എന്നിവരാണ് പിടിയിലായത്.
ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ സ്ഥിതി ചെയ്യുന്ന രാജധാനി ഗോൾഡ് ഡയമണ്ട് ജ്വല്ലറിയിൽനിന്ന് വെള്ളിയാഴ്ച സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി 08.500 ഗ്രാം തൂക്കം വരുന്നതും ബംഗാളി നെക്ലേസ് മോഡലിലുള്ളതും 63,720 രൂപ വിലവരുന്നതുമായ സ്വർണം മോഷ്ടിച്ച് സംഘം കടന്നുകളയുകയുമായിരുന്നു.
മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചും ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകള്‍ നന്നായി സംസാരിച്ചും കൂട്ടത്തോടെ എത്തിയ ഇവർ ആഭരണം തെരഞ്ഞെടുത്ത ശേഷം ജ്വല്ലറി ജീവനക്കാരുടെ വിശ്വാസം മുതലാക്കി മോഷണം നടത്തി കടന്നുകളയുകയായിരുന്നു.
സി.സി ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമാന രീതിയില്‍ ആന്ധ്ര, പുണെ എന്നിവിടങ്ങളില്‍ വിവിധ കുറ്റകൃത്യം നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. മോഷണക്കേസിൽ ഇവർ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ വിമാന മാര്‍ഗം കൊച്ചിയിൽ വന്നതായും കണ്ടെത്തി.
നിലവില്‍ ഇവർ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറും മറ്റും തിരിച്ചറിഞ്ഞ പൊലീസ് പിന്തുടർന്ന് തൃശൂര്‍ ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു.
ഈ സമയം പ്രതികള്‍ തൃശൂരില്‍ തന്നെയുള്ള ജ്വല്ലറിയില്‍ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ നക്ഷത്ര ജ്വല്ലറിയില്‍നിന്ന് മൂന്നര പവന് മോഷ്ടിച്ചത് ഈ സംഘമാണെന്ന് ചോദ്യം ചെയ്യലില്‍ ഇവർ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.