സന്ദീപ് വന്നത് മതേതരത്വത്തിലേക്കെന്ന് ജിഫ്രി തങ്ങൾ: ‘കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചു, സ്വീകരിക്കേണ്ടതാണ്’
text_fieldsമലപ്പുറം: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മതേതരത്വത്തിലേക്കാണ് വന്നതെന്നും അങ്ങനെ തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇന്ത്യയിൽ എല്ലാവർക്കും അവരവർക്കിഷ്ടപ്പെടുന്ന രാഷ്ട്രീയം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സന്ദീപ് മുമ്പ് ബി.ജെ.പിയിലായിരുന്നു. രാജ്യത്തിന് ഗുണം അതാണെന്ന് മനസ്സിലാക്കിയിട്ടാകും അത് തെരഞ്ഞെടുത്തത്. എന്നാൽ, അതിൽനിന്ന് മാറാൻ അദ്ദേഹം വ്യക്തിപരമായി തീരുമാനമെടുക്കുന്നു. കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചു, സ്വീകരിക്കേണ്ടതാണ് -ജിഫ്രി തങ്ങൾ പറഞ്ഞു. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിൽ ഇന്ന് രാവിലെ സന്ദീപ് സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
‘ഒരുതരത്തിലുള്ള വിഭാഗീയ ചിന്താഗതി വളർത്തുന്നതിലും ഒരുകാലത്തും സമസ്ത പങ്കുവഹിച്ചിട്ടില്ലെന്ന് പ്രസ്ഥാനത്തിന്റെ 100 വർഷത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. തുറന്നപുസ്തകമാണ് സമസ്ത. എല്ലാവരും അംഗീകരിക്കുന്ന നയങ്ങളും നിലപാടുകളുമാണ് പ്രസ്ഥാനത്തിന്. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് സമസ്ത നടത്തുന്നത്. അതിന്റെ ഭാഗമായാണ് എന്നെയും സാദിഖലി തങ്ങളെയുമൊക്കെ കാണാൻ പലരും വരുന്നത്.
ഇന്ത്യയിൽ എല്ലാവർക്കും അവരവർക്കിഷ്ടപ്പെടുന്ന രാഷ്ട്രീയം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സന്ദീപ് വാര്യർ മുമ്പ് ബി.ജെ.പിയിലായിരുന്നു. രാജ്യത്തിന് ഗുണം അതാണെന്ന് മനസ്സിലാക്കിയിട്ടാകും അത് തെരഞ്ഞെടുത്തത്. എന്നാൽ, അതിൽനിന്ന് മാറാൻ അദ്ദേഹം വ്യക്തിപരമായി തീരുമാനമെടുക്കുന്നു. കോൺഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചു. സ്വീകരിക്കേണ്ടതാണ്. ബി.ജെ.പിയിൽ ആയിരിക്കേ തന്നെ എന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്. ബി.ജെ.പിയിലെ പല നേതാക്കളുമായി നമ്മൾക്ക് ബന്ധമുണ്ട്. ഇന്ത്യയിൽ നൻമ ചെയ്യുന്ന എല്ലാവരെയും ഞാൻ പിന്തുണക്കും. സുപ്രഭാതത്തിൽ വന്ന പരസ്യം സംബന്ധിച്ച് കൂടുതൽ ചോദിക്കേണ്ടതില്ല. ആര് പരസ്യം നൽകിയാലും സ്വീകരിക്കും’ -തങ്ങൾ പറഞ്ഞു.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇന്ന് രാവിലെ മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് ജിഫ്രി തങ്ങളെ സന്ദർശിച്ചത്. ഇന്നലെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ സന്ദീപിനെതിരെ സി.പി.എം നൽകിയ മുഴുപ്പേജ് പരസ്യം വിവാദമായി കത്തുന്നതിനിടെയാണ് സന്ദർശനം.
ആരോഗ്യവിവരങ്ങളും മറ്റും അന്വേഷിച്ച സന്ദീപുമായി തങ്ങൾ അൽപനേരം സൗഹൃദസംഭാഷണം നടത്തി. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.പി. ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു.
മതപരവും ആത്മീയവും സാമുദായിക വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നൽകുന്ന പണ്ഡിതശ്രേഷ്ടരാണ് ജിഫ്രി തങ്ങളെന്നും സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും കാണാൻ സാധിച്ചതിലും അനുഗ്രഹം തേടാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തും. കേരളത്തിലെ വിവിധ സമൂഹികവിഭാഗങ്ങളെ നയിക്കുന്ന പ്രകാശഗോപുരങ്ങളാണ് പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും അടക്കമുള്ള നേതാക്കളെന്നും അവരെ കാണുന്നതിൽ മുഖ്യമന്ത്രിയടക്കമുള്ളവർ സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.