തരൂര്‍ വിശ്വപൗരൻ, കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നയാൾ -ജിഫ്രി മുത്തുക്കോയ തങ്ങള്‍
text_fieldsകോഴിക്കോട്: ലോകത്തെ മനസ്സിലാക്കിയ വിശ്വപൗരനും കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നയാളുമാണ് ശശി തരൂരെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എല്ലാ സമുദായത്തെയും ശക്തിപ്പെടുത്തി അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നവര്‍ നേതൃത്വത്തിലേക്ക് വരുന്നതിനെ സമസ്ത കേരള അനുകൂലിക്കും. ശശി തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോ ഇല്ലയോയെന്ന് പറയേണ്ടത് കോണ്‍ഗ്രസുകാരാണ്. സമസ്തയുടെ നിലപാട് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് നേതാവ് ശശി തരൂരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. രാവിലെ 9.30നായിരുന്നു സമസ്ത നേതാക്കളുമായുള്ള തരൂരിന്‍റെ കൂടിക്കാഴ്ച.
പിന്നീട് കേരള നദ്‍വത്തുല്‍ മുജാഹിദീന്‍ നേതാക്കളെയും ശശി തരൂര്‍ സന്ദര്‍ശിച്ചു. മുജാഹിദ് നേതാവ് ടി.പി അബ്‍ദുല്ല കോയ മദനിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി. സാമുദായിക സംഘടനാ സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ ആര് ശ്രമിച്ചാലും പിന്തുണക്കുമെന്നും തരൂരുമായി രാഷ്ട്രീയമായി ഒന്നും സംസാരിച്ചില്ലെന്നും ടി.പി അബ്‍ദുല്ല കോയ മദനി പറഞ്ഞു. ശശി തരൂരിനെ എല്ലാവർക്കും അറിയാം. ശശി തരൂർ ഒരു ജനകീയനായ നേതാവാണ്. വ്യക്തിത്വവും വ്യക്തമാണ്. മുജാഹിദ് സമ്മേളനത്തിലെ അതിഥിയായിരുന്നു തരൂരെന്നും കുടുംബ കാരണങ്ങളാൽ അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്നും അബ്‍ദുല്ല കോയ മദനി പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇപ്പോള്‍ വന്നതെന്നും പരസ്പരം സ്നേഹം കൈമാറി എന്നതിലുപരി ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വൈകീട്ട് കുറ്റിച്ചിറയിൽ കോൺഗ്രസ് പരിപാടിയിലും തരൂർ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാർ സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കാനാവില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ തരൂരിന്‍റെ പരിപാടിയിൽ നിന്നും ഡി.സി.സി നേതൃത്വം വിട്ടുനിന്നത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.