ജിഫ്രി തങ്ങളുടെ നിലപാട് മാറ്റം: സമസ്തയിലും ലീഗിലും ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കുവിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളുടെ ഏകോപന സമിതി എടുത്ത തീരുമാനത്തിൽനിന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങൾ പിന്നാക്കം പോയതിൽ സമസ്തയിലും മുസ്ലിംലീഗിലും ആശയക്കുഴപ്പം.
നവംബർ 22ന് ചേർന്ന മുസ്ലിം സംഘടനകളുടെ നേതൃയോഗമാണ് സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്. പിന്നീട് 30ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംയുക്തമായി പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വെള്ളിയാഴ്ച പള്ളികളിൽ ബോധവത്കരണം നടക്കാനിരിക്കെയാണ് സമസ്ത പ്രസിഡൻറിെൻറ പിന്മാറ്റം.
നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച സാദിഖലി തങ്ങളെ വേദിയിലിരുത്തിയാണ് വെള്ളിയാഴ്ചത്തെ പരിപാടിയിൽനിന്ന് സമസ്ത പിൻവാങ്ങുന്നതായി ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചത്. ഇത് മുസ്ലിംലീഗിന് കനത്ത ആഘാതമായി.
വിഷയത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞപ്പോൾ സമസ്തയുടെ നിലപാടിനൊപ്പമാണ് ലീഗെന്ന് പറയുകയല്ലാതെ സാദിഖലി തങ്ങൾക്ക് നിർവാഹമുണ്ടായിരുന്നില്ല. അതേസമയം, ഭരണകൂടത്തിെൻറ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ വിശ്വാസികൾ ഭയപ്പെടരുതെന്ന് തങ്ങൾ ഓർമിപ്പിച്ചു.
സമസ്ത മുതവല്ലി സംഗമത്തിലും ഭിന്നസ്വരങ്ങളുണ്ടായി. ചടങ്ങിൽ സംസാരിച്ച സമസ്ത ജോ. സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാരും മുശാവറ അംഗം ബഹാഉദ്ദീൻ നദ്വിയും മുസ്ലിം സംഘടനകളുടെ സംയുക്ത തീരുമാനമനുസരിച്ച് മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി. ഡിസംബർ ഏഴിന് പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഡിസംബർ 10ന് വെള്ളിയാഴ്ച പള്ളികളിൽ ഉദ്ബോധനം നടത്തുമെന്നും ഇരുവരും പറഞ്ഞു. അതേസമയം, ഇടതുപക്ഷ സർക്കാറിനെതിരായ പ്രക്ഷോഭത്തിനായി പള്ളികൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് സമസ്തയുടെ നിലപാടെന്ന് ജിഫ്രി തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാറിനെതിരായ ബോധവത്കരണവും പള്ളിയിലൂടെ നടത്താൻ പറ്റില്ല. അങ്ങനെ നടത്തുേമ്പാൾ പള്ളിയിൽ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രവുമല്ല, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ വെള്ളിയാഴ്ചത്തെ പരിപാടിയിൽനിന്ന് പിൻവാങ്ങിയതായാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 10ന് കുറച്ചുകൂടി വിപുലമാക്കി പള്ളികളിൽ ബോധവത്കരണം നടത്താമെന്ന് ജിഫ്രി തങ്ങളുടെ അംഗീകാരത്തോടെ ശാഫിഹാജി യോഗത്തിെൻറ തീരുമാനമായി വായിച്ചതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് ഡോ. ബഹാഉദ്ദീൻ നദ്വി പറഞ്ഞു.
മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയിൽ ഏകകണ്ഠമായി എടുത്ത തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. വഖഫ് വിഷയത്തിൽ പള്ളിയിൽ ഇന്ന് ബോധവത്കരണം നടത്തുന്നതിന് തങ്ങളുടെ കീഴിലുള്ള പള്ളികൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്. രാഷ്ട്രീയം പറഞ്ഞ് പ്രകോപനമുണ്ടാക്കുകയല്ല ലക്ഷ്യം.
സമുദായത്തിലെ മഹാഭൂരിപക്ഷം വരുന്ന സംഘടനകൾ എടുത്ത തീരുമാനം ഒരാളുടെ നിലപാട് മാറ്റംകൊണ്ട് ഇല്ലാതാകാൻ പാടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സംഘടനകളുടെ ഏകോപന സമിതിയിലെടുത്ത തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. തീരുമാനത്തിൽ എന്തെങ്കിലും മാറ്റംവരുത്തിയതായി ഏകോപന സമിതി തങ്ങളെ അറിയിച്ചിട്ടില്ല. അതുകൊണ്ട് ഇന്ന് നിശ്ചയിച്ച ബോധവത്കരണം തങ്ങളുടെ പള്ളികളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.