സമസ്ത 100-ാം വാർഷികം: എ.പി വിഭാഗം നടത്തുന്ന പരിപാടികളുമായി യാതൊരു ബന്ധവുമില്ല -ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: സമസ്തയുടെ നൂറാം വാർഷിക ആഘോഷ പരിപാടികൾ നടത്താൻ സംഘടനയിൽനിന്ന് പുറത്തുപോയ എ.പി വിഭാഗത്തിന് അർഹതയില്ലെന്നും അതിൽ തങ്ങൾക്ക് വിരോധമുണ്ടെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ജിഫ്രി മുത്തുക്കോയ തങ്ങൾ. പോഷക സംഘടനകളുടെ യോഗത്തിനുശേഷം കോഴിക്കോട് സമസ്ത ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി പുറത്തുപോയ ചിലർ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തിവരുകയാണ്. പുറത്തുപോയവർ നൂറാം വാർഷികം എന്ന പേരിൽ നടത്തുന്ന പരിപാടിയുമായി സമസ്തക്ക് ബന്ധമില്ല. ഇത്തരം പരിപാടികളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇ.കെ. അബൂബക്കർ മുസ്‌ലിയാരുടെ മഖ്ബറ സന്ദർശിച്ചതിനെ വിമർശിക്കേണ്ടതില്ല. അത് തെറ്റുതിരുത്തലായാണ് തങ്ങൾ മനസ്സിലാക്കുന്നത്. തെറ്റ് തിരുത്തി ആരു സംഘടനയിലേക്ക് വന്നാലും സ്വീകരിക്കും. അതിന് ഉപാധികളുണ്ടാവും. ഇ.കെ. അബൂബക്കർ മുസ്‌ലിയാരുടെ ഖബർ ആർക്കു വേണമെങ്കിലും സന്ദർശിക്കാം. സമസ്തയുടെ വാതിൽ അടക്കുന്നില്ലെന്നും ഐക്യസാധ്യത തള്ളിക്കളയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് സുപ്രഭാതം ലേഖനം സമസ്തയുടെ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത നിലപാട് സമസ്ത പറയുന്നതാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഓരോ രാഷ്ട്രീയ പാർട്ടിക്കും ഓരോ നയമുണ്ടാകും. സമസ്ത അതിൽ അഭിപ്രായം പറയേണ്ടതില്ല. അയോധ്യ വിഷയത്തിൽ സംഘടനയുടെ നിലപാട് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര് എവിടെ പോയാലും സമുദായത്തിന്‍റെ വികാരം വ്രണപ്പെടില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു. -ജിഫ്രി തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.