ഉമർ ഫൈസി മുക്കത്തെ തള്ളി ജിഫ്രി തങ്ങൾ: ‘സാദിഖലി തങ്ങൾ അധ്യക്ഷനായ ഖാദി ഫൗണ്ടേഷൻ സമസ്തക്കെതിരല്ല’
text_fieldsകോഴിക്കോട്: ഖാദി ഫൗണ്ടേഷനെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വാദങ്ങൾ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ. പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.
‘സാദിഖലി തങ്ങൾ ഖാദിയായ മഹല്ലുകളുടെ കൂട്ടായ്മയാണത്. അവർ നടത്തുന്ന സംവിധാനം സമസ്തക്കെതിരല്ല. താൻ കാഞ്ഞങ്ങാട് ഖാദിയാണ്. അവിടെയും അതുപോലുള്ള സംവിധാനമുണ്ട്. ഞങ്ങൾ തമ്മിൽ ഐക്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. കുടുംബത്തിലുണ്ടാകുന്ന പോലെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അത് അതിന്റേതായ സംവിധാനത്തിൽ ഞങ്ങൾ പറഞ്ഞ് പരിഹരിക്കുകയും ചെയ്യും’ -സമസ്ത വിദ്യാഭ്യാസ ബോർഡ് യോഗത്തിനു ശേഷം ജിഫ്രി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇക്കാലത്ത് ഐക്യം കാത്തുസൂക്ഷിക്കലാണ് പ്രധാനമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പണ്ഡിതന്മാരും നേതാക്കളും ഒരുമിച്ചു മുന്നോട്ടു പോകുമെന്നും സമസ്തയുടെ സംവിധാനങ്ങൾ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
സംഘടനയെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അവര്‍ക്കറിയാം. അതിനിടയില്‍ ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ല. സമസ്തയും പാണക്കാട് തങ്ങൾ കുടുംബവും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ടു പോയത്. ഇനിയും അതേനില തുടരും. അതിന് വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും പരാജയപ്പെടും. സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.