ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ല; ഉമർ ഫൈസിയെ തള്ളി ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ലെന്ന് പ്രസിഡന്റ് ജിഫ്രി തങ്ങൾ. ഖാദി ഫൗണ്ടേഷനെതിരായ മുക്കം ഉമർ ഫൈസിയുടെ വാദങ്ങൾ തള്ളിയാണ് ജിഫ്രി തങ്ങൾ സമസ്തയുടെ നിലപാട് വ്യക്തമാക്കിയത്. ‘സാദിഖലി തങ്ങൾ ഖാദിയായ മഹല്ലുകളുടെ കൂട്ടായ്മയാണത്. അവർ നടത്തുന്ന സംവിധാനം സമസ്തക്കെതിരല്ല. താൻ കാഞ്ഞങ്ങാട് ഖാദിയാണ്. അവിടെയും അതുപോലുള്ള സംവിധാനമുണ്ട്. ഞങ്ങൾ തമ്മിൽ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. കുടുംബത്തിലുണ്ടാകുന്ന പോലെ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അത് അതിന്റേതായ സംവിധാനത്തിൽ ഞങ്ങൾ പറഞ്ഞ് പരിഹരിക്കുകയും ചെയ്യും’ -സമസ്ത വിദ്യാഭ്യാസ ബോർഡ് യോഗത്തിനുശേഷം ജിഫ്രി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാലത്ത് ഐക്യം കാത്തുസൂക്ഷിക്കലാണ് പ്രധാനമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പണ്ഡിതന്മാരും നേതാക്കളും ഒരുമിച്ചു മുന്നോട്ടുപോകുമെന്നും സമസ്തയുടെ സംവിധാനങ്ങൾ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ മുക്കം ഉമർ ഫൈസിക്കെതിരെ വിമർശനം ഉയർന്നു. സാദിഖലി തങ്ങളെ അപമാനിച്ച അദ്ദേഹത്തിന്റെ നിലപാട് ശരിയായില്ലെന്ന് ചില അംഗങ്ങൾ തുറന്നുപറഞ്ഞു. എന്നാൽ, താൻ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല വിമർശനം ഉന്നയിച്ചതെന്ന പഴയ നിലപാട് തന്നെയാണ് യോഗത്തിൽ ഉമർ ഫൈസി വിശദീകരിച്ചത്. വിഷയത്തിൽ ഉമർ ഫൈസിയോട് വിശദീകരണം തേടിയതിനാലും മുശാവറയുടെ പരിധിയിലുള്ളതായതിനാലും ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ യോഗത്തിലുണ്ടായില്ല. സാദിഖലി തങ്ങളെ അപമാനിച്ച മുക്കം ഉമർ ഫൈസിയെ സമസ്തയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ആസ്ഥാനത്തിനുമുന്നിൽ ശനിയാഴ്ച രാവിലെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. സമസ്ത പ്രവർത്തകർ എന്ന് എഴുതിയ ബോർഡ് പിന്നീട് ഓഫിസ് ജീവനക്കാർ എടുത്തുമാറ്റി.
അതിനിടെ, ഹമീദ് ഫൈസി അമ്പലക്കടവ് സൗദി അറേബ്യയിൽ സമാന്തര സംഘടന ഉണ്ടാക്കാൻ ശ്രമിച്ചെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സൗദിയിലെ സമസ്ത ഇസ്ലാമിക് സെന്റർ ഭാരവാഹികളുടെ പരാതിയും നേതൃത്വത്തിന് ലഭിച്ചു.
തെളിവ് സഹിതമാണ് സെന്റർ പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട പരാതി സമസ്ത നേതൃത്വത്തിന് നൽകിയത്. ഉമർ ഫൈസിയുടെ വിഷയത്തോടൊപ്പം സൗദിയിലെ പരാതിയും മുശാവറ പരിശോധിച്ച ശേഷമാകും തുടർനടപടി.
സമസ്തയില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട -എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സമസ്തയുടെ ആശയപരവും സംഘടന, സ്ഥാപന സംബന്ധിയുമായ കാര്യങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. സമസ്തയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ നേതൃത്വം അതിനുണ്ട്. സംഘടനയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവര്‍ക്കറിയാം. അതിനിടയില്‍ ആരും മേസ്തിരി ചമയാന്‍ വരേണ്ടതില്ല. സമസ്തയും പാണക്കാട് തങ്ങൾ കുടുംബവും എല്ലാ കാലത്തും യോജിച്ചാണ് മുന്നോട്ടുപോയത്. ഇനിയും അതേനില തുടരും. അതിന് വിള്ളല്‍ വീഴ്ത്താന്‍ ആര് ശ്രമിച്ചാലും പരാജയപ്പെടും. സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാന്‍ ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ ആരും വഞ്ചിതരാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.