ലീഗിന്‍റെ കുതന്ത്രം ജിഫ്രി തങ്ങൾ പൊളിച്ചു; മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി പിരിച്ചുവിടണം -ജലീൽ
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് പയറ്റാനിരുന്ന കുതന്ത്രത്തെ സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ പൊളിച്ചടുക്കിയതായി കെ.ടി ജലീൽ എം.എൽ.എ. വഖഫ് ബോർഡ് നിയമനം പി.എസ്.സി വഴിയാക്കിയതിനെതിരെ പള്ളികളിൽ ബോധവത്കരണം ഉയർത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം ജിഫ്രി തങ്ങൾ ഒരു പ്രസ്താവനയിലൂടെ പൊളിച്ചുവെന്ന് ജലീൽ പരിഹസിച്ചു.
പള്ളികൾ വാക്കേറ്റത്തിന്‍റെയും കയ്യേറ്റത്തിന്‍റെയും കേന്ദ്രങ്ങളാകുന്നതിൽ നിന്ന് അദ്ദേഹമടക്കമുള്ള നേതാക്കൾ തടഞ്ഞുവെന്നും സമസ്തയിലെ ലീഗണികളായ രണ്ടാംനിര നേതാക്കൾ വഴി മുതിർന്ന നേതാക്കളെ ലീഗ് തെറ്റിദ്ധരിപ്പിച്ചുവെന്നും ജലീൽ പറഞ്ഞു. വിവിധ സംഘടനകളിലെ ലീഗുകാരെ ചേർത്ത് ലീഗ് പടച്ചുണ്ടാക്കിയതാണ് കോഡിനേഷൻ കമ്മിറ്റി. അത് പിരിച്ചുവിടണം.
വഖഫ് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വഖഫ് മന്ത്രി വി. അബ്ദുറഹ്‌മാന് ഒരു ശാഠ്യവുമില്ലെന്നും ജലീൽ വ്യക്തമാക്കി. പള്ളികളിലെ കാര്യമല്ല പള്ളിക്കൂടങ്ങളിലെ കാര്യമാണ് രാഷ്ട്രീയ പാർട്ടിയായ ലീഗ് പറയേണ്ടത്. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവ്യക്തതയും തെറ്റിധാരണയും നീക്കുമെന്നും വഖഫ് ഭൂമി സർവേ ചെയ്യാനുള്ള തീരുമാനം താൻ മന്ത്രിയായിരുന്നപ്പോൾ എടുത്തിരുന്നു.
75 ശതമാനം സർവേയും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്നിരുന്നു. ഇപ്പോൾ നടത്താനുള്ളത് 25 ശതമാനം മാത്രമാണ്. ഇക്കാര്യത്തിൽ ലീഗിന്‍റെ പല നേതാക്കൾക്കും ആശങ്കയുണ്ടാകും. ജലീൽ പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ പള്ളികളിൽ പ്രതിഷേധം വേണ്ടെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.
പള്ളികളിൽ വിശദീകരണ യോഗം ചേരും എന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം കഴിഞ്ഞ ദിവസം വൻ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് പള്ളികളിൽ വിഷയത്തിൽ പ്രതിഷേധം വേണ്ട എന്ന നിലപാടുമായി സമസ്ത രംഗത്ത് എത്തിയത്. പ്രതിഷേധ പരിപാടി പിൻവലിക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ പുതിയ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 'വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു.
വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം എം.പി വിളിച്ചിരുന്നു. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്‍റെ മുമ്പിലും സമസ്തയുണ്ടാകും'- തങ്ങൾ പറഞ്ഞു. പള്ളികളില്‍ പ്രതിഷേധം പാടില്ല. അത് അപകടം ചെയ്യും.
പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഈ വിഷയത്തിൽ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്. അദ്ദേഹം പറഞ്ഞു. നിയമന വിവാദത്തിൽ പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്.
പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക -ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. ഇതോടെ വിഷയത്തിൽ പ്രമുഖ മുസ്‌ലിം സംഘടനകൾക്കിടയിൽതന്നെ അഭിപ്രായ വ്യത്യാസം പ്രകടമായി. വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവൽക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്‌ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്.
പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സമസ്ത നേതാക്കൾ അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗ തീരുമാനം പുറത്തുവന്നയുടൻ പ്രസ്താവനയുമായി സി.പി.എം രംഗത്തുവന്നിരുന്നു. വിശ്വാസികളായ പാർട്ടി അണികൾ ഇത് ചോദ്യം ചെയ്യുമെന്നും അത് സംഘർഷത്തിന് വഴിവെക്കുമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞിരുന്നു. കെ.ടി ജലീൽ എം.എൽ.എയെ മുൻനിർത്തിയാണ് സി.പി.എം ഇതിന് പ്രതിരോധം തീർത്തുകൊണ്ടിരുന്നത്. അപ്പോഴും പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കോഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു. അതിനിടയിലാണ് സമസ്തയുടെ പുതിയ അഭിപ്രായ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.