ഗവർണർ ആർ.എസ്.എസിൽ ചേരുന്നതാണ് നല്ലത് –ജിഗ്നേഷ് മേവാനി
text_fieldsകോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവി രാജിെവച്ച് ബി.ജെ.പിയിലോ ആർ.എസ്.എസിേലാ ചേരുന്നതാണ് നല്ലതെന്ന് ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് വക്താവിെൻറ പണിയാണ് അദ്ദേഹത്തിന് യോജിച്ചത്. പദവി മറന്നാണ് ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നത്. രാജ്യത്തിെൻറ ഭരണഘടനയും മതേതരത്വമൂല്യങ്ങളും നശിപ്പിക്കുകയാണ് മോദി-അമിത് ഷാ കൂട്ട്. പൗരത്വ ഭേദഗതി നിയമം പ്രതിരോധിക്കാൻ സിവിൽ നിസ്സഹകരണ സമരവുമായി മുന്നോട്ടുപോകണം. തടങ്കൽപാളയങ്ങൾ ആരംഭിച്ച ശേഷം പൗരത്വ നിയമത്തെപ്പറ്റി ചർച്ചയാവാമെന്ന് പറയുന്നത് വിരോധാഭാസമാണെന്നും മേവാനി പറഞ്ഞു. ജനങ്ങളുടെ കോടതിയേക്കാള്‍ വലിയ കോടതിയില്ല. ബില്ലിനെതിരെ രാജ്യത്തെ യുവജനങ്ങളുള്പ്പെടെയുള്ളവര് ശക്തമായ പ്രതിഷേധത്തിലാണെന്നും ജിഗ്നേഷ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തോക്കിന്‍കുഴലിലൂടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു. യോഗി ടാര്‍ജറ്റ് കൊലകളാണ് നടത്തുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ല കൊല്ലപ്പെട്ടവരില്‍ പലരും. പലര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. യൂത്ത് ലീഗ് വസ്തുതാന്വേഷണ പഠന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും വിമർശിക്കും –എൽ.ഡി.എഫ് കൺവീനർ
കോഴിക്കോട്: ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ള പദവിയല്ല ഗവർണറുടേതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. രാഷ്ട്രീയ വിഷയം പറയാനുള്ള സ്ഥലമല്ല രാജ്ഭവനെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂരിൽ ഗവർണർക്ക് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല.
ഗവർണർ രാഷ്ട്രീയം പറഞ്ഞ് പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യവിരുദ്ധമാണ്. ഇത്തരത്തിൽ രാഷ്ട്രീയ പ്രകടനം നടത്തിയാൽ ഇനിയും വിമർശിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ഡൽഹിയിലെ ജാമിഅ വിദ്യാർഥിനി ആയിഷ റെന്നയുടെ കൊണ്ടോട്ടിയിലെ പ്രസംഗം വിവാദമാക്കിയ സി.പി.എം നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ, ആയിഷക്ക് അഭിപ്രായം പറയാം. എതിരഭിപ്രായമുള്ളവർക്ക് അതും പ്രകടിപ്പിക്കാം. അതു മാത്രമാണ് കൊണ്ടോട്ടിയിൽ നടന്നത് എന്നായിരുന്നു മറുപടി. നാദാപുരത്ത് പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായതിൽ ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.