പുനർനിർമാണത്തിന് സർക്കാറും ജനങ്ങളും ഒന്നിച്ച് മുന്നേറണം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: പ്രളയാനന്തര കേരളത്തെ പുനർനിർമിക്കുന്നതിന് സർക്കാറും ജനങ്ങളും ഒന്നിച്ച് ശ്രമിക്കണമെന്ന് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതാക്കൾ പറഞ്ഞു. അഖിലേന്ത്യാ അസിസ്റ്റൻറ് അമീറുമാരായ നുസ്റത്തലിയുടെയും ടി. ആരിഫലിയുടെയും നേതൃത്വത്തിലാണ് സംഘമെത്തിയത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങളും ദുരിതാശ്വാസ, വളൻറിയർ ക്യാമ്പുകളും സംഘം സന്ദർശിച്ചു.
ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറമെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും കേരളത്തെ പുനർ നിർമിക്കാൻ അനിവാര്യമാണെന്ന് നുസ്റത്ത് അലി പറഞ്ഞു. പുനരധിവാസ പ്രവർത്തനത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകിയ അദ്ദേഹം കേരളത്തിലേക്ക് സഹായമെത്തിക്കാൻ സംഘടനയുടെ മുഴുവൻ സംസ്ഥാന ഘടകങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. രക്ഷാപ്രവർത്തനം ഏറക്കുറെ അവസാനിച്ച നിലക്ക് ദുരിതമേഖലകളിൽ വിശദമായ പഠനം നടത്തി പുനരധിവാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ടി. ആരിഫലി പറഞ്ഞു. വയനാട് ജില്ലയിലെ കീഞ്ഞുകടവ്, ചങ്ങാടക്കടവ്, മാതോത്ത്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ സംഘം നേരിട്ടെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.
സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി. അബ്ദുല്ല കോയ, പി. മുജീബ് റഹ്മാൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രതിനിധി കെ.കെ. മമ്മുണ്ണി മൗലവി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, വയനാട് ജില്ല പ്രസിഡൻറ് മാലിക്ക് ശഹബാസ്, സാദിഖ് ഉളിയിൽ, സെക്രട്ടറി ഷമീർ സി.കെ വൈസ് പ്രസിഡൻറ് കെ. നവാസ് എന്നിവരും കൂടെയുണ്ടായിരുന്നു. അടുത്ത ദിവസം സംഘം മറ്റ് പ്രളയ ബാധിത ജില്ലകൾ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.