മുത്തലാഖ് വിവാദം ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിെൻറ ഭാഗം –ടി. ആരിഫലി
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിെൻറ ഭാഗമാണ് മുത്തലാഖ് വിവാദമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷൻ ടി. ആരിഫലി. ‘സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്’ വിഷയത്തിൽ ഏപ്രിൽ 23 മുതൽ മേയ് ഏഴുവരെ ജമാഅത്തെ ഇസ്ലാമി നടത്തുന്ന ദേശീയ കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറിയ ശതമാനം മാത്രമാണ് മുസ്ലിം സമൂഹത്തിൽ മുത്തലാഖ് നടക്കുന്നത്. ഇതിനെയാണ് മുസ്ലിം സ്ത്രീകളുടെ മൊത്തം പുരോഗതിയുടെയും തടസ്സകാരണമായി അവതരിപ്പിക്കുന്നത്. ഏക സിവിൽ കോഡ് നീക്കം മുസ്ലിംകെള മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്ത്യയുടെ ബഹുസ്വരത അത് തകർക്കും. മുസ്ലിംകളുടേതിന് പുറമെ, ആറ് പ്രബല വിഭാഗങ്ങൾക്ക് വ്യക്തി നിയമങ്ങളും ആയിരക്കണക്കിന് നാട്ടാചാരങ്ങളുമുണ്ട്. മുത്തലാഖ് ദുരാചാരമെന്നാണ് പ്രമുഖമായ ഇസ്ലാമിക കർമശാസ്ത്രസരണികളും പണ്ഡിതരുമെല്ലാം വിലയിരുത്തിയത്. ശരീഅത്ത് സംബന്ധിച്ച് സമുദായത്തിനകത്ത് ശക്തമായ ബോധവത്കരണം നടക്കണം. വരെൻറയും വധുവിെൻറയും പൂർണ സമ്മതത്തോടെയേ വിവാഹം നടക്കാവൂ. ഇത് ലളിതമാകണം. മഹ്ർ കൃത്യവും വ്യക്തവുമാകണം. ഇത് ഇല്ലാത്തതിനാലാണ് മഹ്റിനേക്കാൾ സ്ത്രീധനം സമൂഹത്തിൽ പ്രാധാന്യം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്വലാഖ് എന്നാൽ മുത്തലാഖ് എന്ന രീതിയിൽ അഭിഭാഷകർപോലും കാണുന്നത് സമൂഹത്തിൽ ശരീഅത്ത് നിയമങ്ങളുടെ അജ്ഞതയുടെ തെളിവാണെന്ന് അധ്യക്ഷത വഹിച്ച അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. മുസ്ലിം സമൂഹം ശരീഅത്ത് വിഷയത്തിൽ ആത്മാർഥമായി ഇടപെട്ടപ്പോഴെല്ലാം ഫലം ഉണ്ടായിട്ടുണ്ടെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ജീവനാംശ നിയമവും ഫസ്ഖ് നിയമവും ഇതിെൻറ തെളിവാണ്. ഗുജറാത്തിലെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ കൊന്നൊടുക്കിയ ബി.ജെ.പി മുത്തലാഖിെൻറ പേരിൽ ഒഴുക്കുന്നത് കള്ളക്കണ്ണീരാണ്. വിവാഹവും ബഹുഭാര്യത്വവുമല്ല, പലിശ, വ്യഭിചാരം, കൊലപാതകം, മദ്യപാനം തുടങ്ങിയ ദുരാചാരങ്ങൾ ഇല്ലാത്ത സമൂഹസൃഷ്ടിയാണ് ശരീഅത്തിെൻറ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻജിനീയർ മമ്മദ് കോയ, മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുശ്ശുകൂർ ഖാസിമി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നിസ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീർ എന്നിവരും സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതവും സുബ്ഹാൻ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.